മലയാറ്റൂർ മലകയറ്റം: ‘ക്ഷീണം’ തീർക്കാൻ കേന്ദ്ര മന്ത്രിയെയും കൂട്ടി കുരിശ്മുടി അടിവാരം സന്ദർശിച്ച് ബി.ജെ.പി നേതാവ് രാധാകൃഷ്ണൻ

കാലടി: ദുഃഖ വെള്ളി ദിവസം മലയാറ്റൂർ മല കയറും എന്ന് പ്രഖ്യാപിച്ച് നാണംകെട്ട് മടങ്ങിയ ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷണൻ പരിഹാസത്തിൽ നിന്ന് രക്ഷ​നേടാൻ ഒടുവിൽ കേന്ദ്രസഹമന്ത്രിയെയും കൂട്ടി കുരിശ്മുടി അടിവാരം സന്ദർശിച്ചു. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബിർളയും സംഘവും തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശ്മുടി അടിവാരത്തും താഴത്തെ പള്ളിയിലുമാണ് സന്ദർശനം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം വെക്കുന്നതെന്നും കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് വികസന പദ്ധതികൾ ഇവിടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വികാരി ഫാ. വർഗീസ് മണവാളനും ട്രസ്റ്റി അംഗങ്ങളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണന് പുറമെ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ്, ട്രസ്റ്റിമാരായ തങ്കച്ചൻ കുറിയേടത്ത്, സാജു മാടവന, സണ്ണി ചെറിയത്ത്, സഹവികാരി ഫാ. മാത്യു പെരുമായൻ തുടങ്ങിവർ സന്നിഹിതരായിരുന്നു.

ദുഖവെള്ളി ദിവസം രാധാകൃഷ്ണൻ മലകയറ്റം പൂർത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമർശനത്തിനും ട്രോളുകൾക്കും കാരണമായിരുന്നു. 14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ച് തിരിച്ചിറങ്ങുകയായിരുന്നു. ഇത് വൻവിവാദമായതോടെ പുതുഞായർ തിരുനാളിന് രാധാകൃഷ്ണനും സംഘവും മലയാറ്റൂർ കുരിശ് മുടി കയറിയിരുന്നു. പ്രാദേശിക ബി.ജെ.പി പ്രവർത്തകരോടൊപ്പം മലയാറ്റൂരിൽ എത്തിയ അദ്ദേഹം, മല കയറുന്ന വിഡിയോ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്തുവിട്ടു. രാവിലെ എഴരക്കാണ് അടിവാരത്ത് പ്രവർത്തകർക്ക് ഒപ്പം എത്തിയത്. മല കയറി ഇറങ്ങി വികാരി ഫാ. വർഗീസ് മണവാളനുമായി കൂടികാഴ്ച് നടത്തിയ ശേഷമാണ് മടങ്ങിയത്.

മലയാറ്റൂർ പളളിയിൽ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബിർള സന്ദർശനം നടത്തുന്നു. വികാരി ഫാ.വർഗീസ് മണവാളൻ സമീപം

Tags:    
News Summary - Minister john birla visits malayattur kurishmudi with an radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.