സ്കൂളിൽ മന്ത്രിക്ക് കിട്ടിയ ഉച്ചയൂണിൽ തലമുടി

തിരുവനന്തപുരം: സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം സുരക്ഷിതമെന്ന സന്ദേശം നൽകാൻ കുട്ടികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച മന്ത്രിക്ക് ലഭിച്ചത് തലമുടി. കോട്ടൺഹിൽ ഗവ. എൽ.പി.എസിൽ മന്ത്രി ജി.ആർ. അനിലിനാണ് ഭക്ഷണത്തിൽനിന്ന് തലമുടി ലഭിച്ചത്. തലമുടി മന്ത്രി തന്നെ ഉയർത്തിക്കാണിക്കുകയായിരുന്നു. ഇതോടെ, പാത്രം തിരികെ നൽകി മറ്റൊന്നിൽ ഭക്ഷണം വാങ്ങിയാണ് മന്ത്രി കഴിച്ചത്.

സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ സന്ദർശനവും ഉദ്യോഗസ്ഥതല പരിശോധനയും ഏർപ്പെടുത്തിയത്. സ്കൂളിലെ ശുചിത്വം മെച്ചപ്പെടുത്തണമെന്ന് മന്ത്രി നിർദേശം നൽകി. ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന മുറി, അരിയുടെ നിലവാരം എന്നിവയും മന്ത്രി പരിശോധിച്ചു.

പാചകപ്പുരയും മറ്റ് സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനാവശ്യമായ തൊഴിലാളികളുടെ അഭാവവും സ്ഥലപരിമിതിയും മന്ത്രി നേരിൽക്കണ്ട് ബോധ്യപ്പെട്ടു. സ്‌കൂളിന് സമീപത്തെ പുതിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, സുഗമമായ രീതിയിൽ പാചകപ്പുരയും ഊണുപുരയും ഒരുക്കാൻ സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് റഫീക്കാ ബീവി മന്ത്രിയോട് പറഞ്ഞു. സ്‌കൂളുകളിലെ പരിശോധനകൾ തുടരും. അധ്യാപകരും പി.ടി.എയും തങ്ങളുടെ സ്‌കൂളുകളിൽ ശോച്യാവസ്ഥയുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണം. ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിലോ വൃത്തിയിലോ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഭക്ഷ്യശോച്യാവസ്ഥക്ക് കാരണക്കാരാകുന്നവർക്ക് കർശന നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം ജഗതിയിലെയും മന്ത്രി ജി.ആർ. അനിൽ കോഴിക്കോട്ടേയും സ്കൂളുകൾ സന്ദർശിച്ചിരുന്നു. വരും ദിവസങ്ങളിലും സ്കൂളുകളിൽ വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകളുടെ പരിശോധന തുടരും. സ്കൂളുകളിലുണ്ടായത് ഭക്ഷ്യവിഷബാധയല്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരാതിയോ ആക്ഷേപമോ ഉള്ള സ്കൂളുകളിലായിരിക്കും പരിശോധന. രണ്ട് ദിവസത്തെ പരിശോധന റിപ്പോർട്ട് ഉടൻ ലഭിക്കും.

Tags:    
News Summary - Minister inspection in school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.