കമീഷന്‍ പൂര്‍ണമായി നൽകും; റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: കമീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ചര്‍ച്ച നടത്തി.

റേഷന്‍ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമീഷന്‍ അതത് മാസം തന്നെ പൂര്‍ണമായും നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടന പ്രതിനിധികളെ അറിയിച്ചു. ഒക്ടോബറിലെ കമീഷന്‍ ഭാഗികമായി മാത്രം അനുവദിച്ചുകൊണ്ട് സിവില്‍ സപ്ലൈസ് കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന വ്യാപാരി സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവര്‍ഷത്തെ (2022-23) റേഷന്‍ വ്യാപാരി കമീഷന്‍ ഇനത്തിലുള്ള‍ ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമീഷനായി നല്കേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്.

ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയാതെപോയത്. റേഷന്‍വ്യാപാരികൾക്ക് കമീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമീഷന്‍ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കംകൂടാതെ സെപ്റ്റംബര്‍ വരെ വ്യാപാരികള്‍ക്ക് നൽകിയിട്ടുണ്ട്. കമീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ വരെ 105 കോടി രൂപ നല്കേണ്ടിയിരുന്ന സ്ഥാനത്ത് റേഷന്‍ വ്യാപാരികൾക്ക് 196 കോടി രൂപ നൽകി. ഇതുമൂലം ഒക്ടോബറിലെ കമീഷന്‍ പൂര്‍ണമായി നല്കാന്‍ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കണം.

ഇതിനുള്ള നിര്‍ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നൽകുകയും ഒക്ടോബറിലെ കമീഷന്‍ പൂര്‍ണമായിത്തന്നെ വേഗത്തിൽ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. കടയടച്ച് സമരം ചെയ്യുന്നതില്‍ തങ്ങൾക്ക് താല്പര്യമില്ല എന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പറഞ്ഞു. സാങ്കേതിക തകരാർ സുഗമമായ റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കുന്നതിനായി റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം നവംബര്‍ 25 മുതല്‍ 30 വരെ പുനക്രമീകരിക്കുന്നതായി മന്ത്രി യോഗത്തെ അറിയിച്ചു. വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്.

മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നുവരെയും നവംബർ 25, 28, 30 തീയതികളില്‍‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ രാത്രി ഏഴു വരെയുമാകും.

Tags:    
News Summary - Minister G.R. Anil held talks with the ration traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.