നിറഞ്ഞുകവിഞ്ഞ് നെടുമ്പാശ്ശേരി അപകടത്തിലെ പ്രതികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂൾ
കൊച്ചി: യുവ കുറ്റവാളികളെ പാർപ്പിക്കുന്ന കാക്കനാട്ടെ ബോസ്റ്റൽ സ്കൂൾ നിറഞ്ഞ് കവിയുന്നു. 68 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ 119 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഏക ബോസ്റ്റൽ സ്കൂളാണിത്. കണ്ണൂർ സെൻട്രൽ ജയിലിനോട് അനുബന്ധിച്ച് പ്രവർത്തനം തുടങ്ങിയ സ്കൂൾ1995ലാണ് കൊച്ചി കാക്കനാട്ടേക്ക് മാറ്റിയത്. 18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ബോസ്റ്റൽ നിയമത്തിലുണ്ട്. നിലവിൽ സാധാരണ ജയിലുകളിലെ തടവുകാരെ പാർപ്പിക്കുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, യുവാക്കളുടെ സ്വഭാവ പരിഷ്കരണത്തിനും സാമൂഹിക പുനരധിവാസത്തിനുമാണ് ഇവിടെ ഊന്നൽ.
സ്ഥലപരിമിതിയിലും അസൗകര്യങ്ങളിലും വലയുകയാണ് സ്കൂൾ. ബോസ്റ്റൽ സ്കൂൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ 18നും 21നും ഇടയിൽ പ്രായമുള്ള റിമാൻഡ് തടവുകാരെ സബ് ജയിലുകളിൽ പാർപ്പിക്കാം. മുതിർന്ന റിമാൻഡ് തടവുകാരുമായി ഇടപഴകാത്ത രീതിയിൽ ഇവരെ മാറ്റിനിർത്തണമെന്നാണ് വ്യവസ്ഥ. യുവാക്കൾക്ക് ജയിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതികൂല സ്വാധീനങ്ങൾ പരമാവധി കുറയ്ക്കുന്നതിനാണിത്. റിമാൻഡ് നടപടികൾ അതത് മജിസ്ട്രേറ്റ് കോടതികളുടെ അധികാരപരിധിയിലാണ്.
നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നു പേർ മരിച്ച കേസിലെ പ്രതികളെയും ഇവിടെയാണ് പർപ്പിച്ചിരിക്കുന്നത്. അമിതവേഗത്തിൽ വാഹനമോടിച്ചെന്ന കേസിൽ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തപ്പെട്ട സുഹൈൽ സജീവിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും റിമാൻഡ് ചെയ്തത് കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് എത്തിച്ചത്. ഈ നടപടി വിവാദങ്ങൾക്ക് വഴിതുറന്നു. അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം നടപടിക്കെതിരെ രംഗത്തെത്തി. പ്രതിയെ ജയിലിലേക്ക് അയക്കുന്നതിന് പകരം എന്തിന് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി എന്ന ചോദ്യമാണ് കുടുംബം ഉന്നയിക്കുന്നത്. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബോസ്റ്റൽ സ്കൂൾ എന്നാൽ
സാധാരണ ജയിലല്ല ബോസ്റ്റൽ സ്കൂൾ. 18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ സ്ഥാപനമാണിത്. ശിക്ഷക്കൊപ്പം സ്വഭാവപരിഷ്കരണം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, പുനരധിവാസം എന്നിവയ്ക്കും ഇവിടെ പ്രാധാന്യം നൽകുന്നു. മുതിർന്ന തടവുകാരുമായുള്ള സമ്പർക്കം ഒഴിവാക്കി, ജയിൽ അന്തരീക്ഷത്തിൽനിന്ന് യുവാക്കളെ അകറ്റിനിർത്തുകയാണ് ലക്ഷ്യം. ഇതേ ലക്ഷ്യത്തോടെ 1961-ൽ കൊണ്ടുവന്ന കേരള ബോസ്റ്റൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനം രൂപവത്കരിച്ചതും പ്രവർത്തിക്കുന്നതും.
പുതിയ ബോസ്റ്റൽ സ്കൂളുകൾ വരുമോ?
കൗമാരപ്രായത്തിലുള്ള കുറ്റവാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലും തിരുവനന്തപുരത്തും പുതിയ ബോസ്റ്റൽ സ്കൂളുകൾ സ്ഥാപിക്കാൻ നീക്കമുണ്ട്. കൂടുതൽ കേന്ദ്രങ്ങൾ യാഥാർഥ്യമായാൽ യുവാക്കളെ പ്രായത്തിനും നിയമവ്യവസ്ഥകൾക്കും അനുസരിച്ച് പാർപ്പിക്കാനുള്ള സൗകര്യം വർധിക്കും. നിലവിലെ ഏക കേന്ദ്രത്തെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.