വരള്‍ച്ച: പാല്‍ ഉല്‍പാദനത്തില്‍ 1.28 ലക്ഷം ലിറ്ററിന്‍െറ ഇടിവ്

കോട്ടയം: വേനല്‍ച്ചൂടില്‍ പാലുറവ വറ്റുന്നു. വേനല്‍ കനത്തതോടെ സംസ്ഥാനത്തെ പാല്‍ ഉല്‍പാദനത്തില്‍ പ്രതിദിനം 1,28,000 ലിറ്ററിന്‍െറ ഇടിവ്. പാല്‍ ഉല്‍പാദനം ക്രമാനുഗതമായി വര്‍ധിക്കുന്നതിനിടെയാണ് വേനല്‍ തിരിച്ചടി. ക്ഷീരസഹകരണ സംഘങ്ങള്‍ വഴി പ്രതിദിനം 16 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. ചൂട് കൂടിയതോടെ ഇത് 14,72,000 ലിറ്ററായി കുറഞ്ഞതായാണ് ക്ഷീരവികസനവകുപ്പിന്‍െറ കണക്ക്.

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കാതെ സമീപവാസികള്‍ക്ക് പാല്‍ വില്‍ക്കുന്ന കര്‍ഷകരും സംസ്ഥാനത്ത് വ്യാപകമാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ ഒരുശതമാനം കൂടി ഉല്‍പാദനത്തില്‍ കുറവുണ്ട്.

മലബാര്‍ മേഖലയിലാണ് വലിയകുറവ്. എറണാകുളം മേഖലയിലും കുറവ് അനുഭവപ്പെട്ടപ്പോള്‍ തിരുവനന്തപുരം മേഖലയില്‍ ഉല്‍പാദനം വര്‍ധിച്ചതായാണ് കണക്കുകള്‍. നാലുശതമാനം വര്‍ധനയാണ് തിരുവനന്തപുരം മേഖലയില്‍. വിവിധ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ഉണ്ടായ ഉണര്‍വാണ് ഇതിനു കാരണമെന്നും അടുത്ത മാസങ്ങളില്‍ ഇവിടെയും കുറവ് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ക്ഷീര സഹകരണസംഘങ്ങളില്‍ കര്‍ഷകര്‍ നല്‍കുന്ന പാല്‍ പ്രാദേശികമായ വില്‍പനക്കുശേഷം മില്‍മക്ക് നല്‍കുന്നു. ഉല്‍പാദനത്തിലെ കുറവ് മില്‍മയെയും ബാധിക്കും. വേനല്‍ കനത്തതോടെ 80,000 ലിറ്ററിന്‍െറ കുറവുണ്ടായെന്നാണ് മില്‍മയുടെ കണക്ക്. 

വേനല്‍ രൂക്ഷമായതോടെ കന്നുകാലികള്‍ക്ക് പോഷകാഹാരത്തിന് കുറവ് വന്നതോടെയാണ് പാല്‍ ഉല്‍പാദനം കുറഞ്ഞത്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. പറമ്പുകളിലെ പുല്ലുകള്‍ കരിഞ്ഞുണങ്ങി. കിണറ്റിലും തോട്ടിലും വെള്ളമില്ലാത്തതിനാല്‍ ഒരുനേരംപോലും കാലികളെ കുളിപ്പിക്കാനും ഭൂരിഭാഗത്തിനും കഴിയുന്നില്ല. ഇത്തരത്തില്‍ കന്നുകാലി പരിപാലനം താളംതെറ്റി.

സംസ്ഥാനത്ത് വൈക്കോല്‍ ക്ഷാമവും രൂക്ഷമാണ്. വരള്‍ച്ചയെ തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്ന് സംസ്ഥാനത്തേക്ക് വൈക്കോല്‍ കാര്യമായി എത്തുന്നില്ല. പ്രാദേശികമായ ആവശ്യം കണക്കിലെടുത്ത് അവിടുത്തെ ക്ഷീരവികസന അധികൃതര്‍ കേരളത്തിലേക്ക് വൈക്കോല്‍ നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു.

വേനല്‍മഴ ശക്തിയായില്ളെങ്കില്‍ ഉല്‍പാദനം ഇനിയും താഴേക്കുപോകുമെന്നാണ് വകുപ്പിന്‍െറ വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് നേരിയ ഉല്‍പാദനക്കുറവ് പതിവാണെങ്കിലും ഇത്തരത്തില്‍ വലിയതോതില്‍ കുറയാറില്ളെന്ന് ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് പറഞ്ഞു. മുന്‍കരുതലെടുക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ തീറ്റപ്പുല്ല് വളര്‍ത്താനും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന്‍െറ മലയോര മേഖലകളിലെല്ലാം റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കൂട്ടമായി പശുവളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയും ചെയ്തതോടെ വന്‍തോതില്‍ ഫാം മാതൃകയിലും കര്‍ഷകര്‍ രംഗത്തത്തെി. ഇതോടെ പാല്‍ ഉല്‍പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. കഴിഞ്ഞമാസം തുടക്കം വരെ ഈ നില തുടര്‍ന്നു. ഈ സ്ഥിതിയില്‍നിന്നാണ് കുത്തനെ താഴേക്കുപോകുന്നത്. പുതുതായി ഈ മേഖലയില്‍ എത്തിയവരെ നിലവിലെ സാഹചര്യം കടുത്ത പ്രതിസന്ധിയിലാക്കുന്നു.

 

Tags:    
News Summary - milk production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.