മെസി കേസിൽ ആന്‍റോ അഗസ്റ്റിന്‍റെ മുൻകൂർ ജാമ്യ ഹരജി: ഇന്ന്​ വിധി

കൊച്ചി: മെസി അടങ്ങുന്ന അർജന്‍റീനിയൻ ഫുട്ബാൾ ടീമിനെ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി വെള്ളിയാഴ്ച വിധി പറയും. തൽക്കാലം അറസ്റ്റ്​ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിന്​ മുന്നോടിയായ നോട്ടിസ്​ നൽകുമെന്നും വ്യാഴാഴ്ച ഹരജിയിൽ വാദത്തിനിടെ പൊലീസ്​ അറിയിച്ചു.

തുടർന്നാണ്​ ഹരജി വിധി പറയാനായി മാറ്റിയത്​. മുഖ്യന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് രാജു പി. നായർ നൽകിയ പരാതിയിലെടുത്ത കേസിലെ മുൻകൂർ ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്​.

അതേസമയം, കൊച്ചി റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറൻസികൾ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിൻ കളമശേരി മജിസ്​ട്രേറ്റ്​ കോടയിൽ ഹരജി നൽകി. റെയ്ഡിനിടെ 6500 ഡോളറുകളും 400 കെനിയൻ കറൻസിയുമാണ്​ ആന്‍റോ അഗസ്​റ്റിന്‍റെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. ഈ തുക യാത്രകൾക്കും മറ്റും വേണ്ടി കരുതിയതാണെന്നും കെനിയൻ കറൻസിയു​ടെ മൂല്യം 300 ഇന്ത്യൻ രൂപയുടേതിനേക്കാൾ കുറവാണെന്നുമാണ്​ ഹരജിക്കാരന്‍റെ വാദം.

എന്നാൽ, പിടിച്ചെടുത്ത കറന്‍സികളില്‍ ചിലത് വ്യാജമാണോ എന്നതടക്കം കാര്യങ്ങളില്‍ സംശയ നിവാരണം വരുത്തേണ്ടതുണ്ടെന്ന്​ പൊലീസ്​ കോടതിയെ അറിയിച്ചു. മാത്രമല്ല, ഇതുവമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിനും കൈമാറിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട്​ ലഭിക്കേണ്ടതുണ്ട്​. പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്​. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ പണം തിരിച്ചുനല്‍കാന്‍ കഴിയൂവെന്നും ​പൊലീസ്​ അറിയിച്ചു. തുടർന്ന്​ കേസ്​ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - messi-kerala-case-anto-augustine-bail-plea-today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.