കാട്ടാനയുടെ ആക്രമണം: റിസോര്‍ട്ട് അടച്ചുപൂട്ടാൻ ഉത്തരവ്​

മേപ്പാടി (വയനാട്​): മേപ്പാടി എളമ്പിലേരിയില്‍ വിനോദയാത്രക്ക്​ വന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാൻ വയനാട് കലക്ടര്‍ അദീല അബ്ദുല്ല ഉത്തരവിട്ടു. യുവതിയും സംഘവും താമസിച്ചിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ്​ കലക്​ടറുടെ നടപടി.

റിസോർട്ടിന് ലൈസൻസ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി. ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത്, വനംവകുപ്പ് അധികൃതരുമായി ചേര്‍ന്ന് സുരക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ടെന്‍റ്​ കെട്ടിയുള്ള റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു കലക്ടര്‍ പറഞ്ഞു. അതേസമയം, ഹോം സ്റ്റേ നടത്താൻ സർക്കാറിന്‍റെ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ടെന്‍റ് നിർമിക്കാൻ പ്രത്യേക അനുമതി വേണ്ടെന്നും ഉടമ മാധ്യമങ്ങളോട് പറഞ്ഞു.

ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

റിസോര്‍ട്ടിലെ ടെന്‍റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ ചേലേരി കല്ലറപുരയിൽ ഷഹാന സത്താര്‍ (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - meppadi resort will close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.