‘‘സാറേ...െൻറ മോനെ ഒന്നു വിളിച്ച് തര്വോ... ഓനോട് ഒന്നു വന്ന് ന്നെ കൊണ്ടോകാൻ പറയ്വോ... ഇനിക്ക ് വീട്ടിപ്പോണം സാറേ... ഒന്നു വിളിച്ച് പറ സാറേ...’’ വനിതകളുടെ വാർഡിൽനിന്ന് മധ്യവയസ്കയുടെ ചിലമ്പിച്ച സ്വരം. കമ്പിയഴികൾക്കിടയിലൂടെ വെളുത്തു െമലിഞ്ഞ കൈ മുകളിലേക്കുയർന്നു. അതിലും ദൈന്യമായ ആ മുഖത്ത് കണ്ണീരുണങ്ങിക്കിടപ്പുണ്ടായിരുന്നു. ഓരോ തവണയും ഈ ആശുപത്രിയിലെ വാർഡുകളിൽ കയറിയിറങ്ങുന്ന ഡോക്ടർമാരും ജീവനക്കാരും അനുഭവിക്കുന്ന ധർമസങ്കടമാണിത്. ഒരാളല്ല, ഒരുപാടു പേരുണ്ട് ഇങ്ങനെ നിലവിളികളും തേങ്ങലുമായി കാത്തിരിക്കുന്നവർ.
ഉറ്റവരുടെ വരവു കാത്ത്, പുറത്തെ വെളിച്ചവും നിറങ്ങളും നിറഞ്ഞ ലോകത്തേക്കിറങ്ങി ചെല്ലാനാഗ്രഹിച്ച്, സ്വന്തം വീട്ടിൽ മക്കൾക്കും കുടുംബത്തിനുമൊപ്പം ജീവിതം നയിക്കാൻ കൊതിക്കുന്ന കുറെ ജന്മങ്ങൾ. വർഷങ്ങളായി ഉള്ളിലെ വെളിച്ചം ഊതിക്കെടുത്തി ഇവിടത്തെ ഇരുട്ടിനോട് കൂട്ടുചേർന്ന ആത്മാക്കൾ. ഏറെക്കാലത്തെ ചികിത്സക്കുശേഷം മാനസികാരോഗ്യം വീണ്ടെടുത്തിട്ടും പലകാരണങ്ങളാൽ വീട്ടുകാർ കൂട്ടിക്കൊണ്ടുപോകാത്ത നിർഭാഗ്യർ. ഇങ്ങനെ അനേകരുടെ നിശ്വാസങ്ങളും നിലവിളികളും വീണുടയുകയാണ് ഈ വാർഡുകളിലെല്ലാം.
കണ്ണൂർ ഇരിട്ടിക്കടുത്ത ഗ്രാമത്തിൽ നിന്നുള്ള ദേവകി ഇവിടെയെത്തിയിട്ട് 16 വർഷമായി. സ്കിസോഫ്രീനിയയും കടുത്ത മാനസിക പ്രശ്നങ്ങളുമായി എത്തിയ ഇവർ ഏറെക്കുറെ രോഗമുക്തി നേടി. എന്നാൽ, ഒരു തവണപോലും ദേവകിയെ കാണാനോ അന്വേഷിക്കാനോ ബന്ധുക്കൾ വന്നില്ലെന്നതാണ് യാഥാർഥ്യം. കാസർകോട് സ്വദേശിനി ആയിശ 28 വർഷമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഏഴുവർഷം മുമ്പ് കാണാൻ മകൾ വന്നതാണ് ബന്ധുക്കളുമായുള്ള അവസാന ബന്ധം.
ആരോഗ്യവതിയായ ഇവരെ തിരിച്ചുകൊണ്ടുപോകാൻ അന്ന് മകൾ നൽകിയ വിലാസത്തിൽ അന്വേഷിച്ചെങ്കിലും തെറ്റാണെന്ന് ബോധ്യമായി. ആയിശയെ മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ‘ദി ബനിയൻ’ എന്ന എൻ.ജി.ഒ കൊണ്ടോട്ടിയിലെ തങ്ങളുടെ സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത് അടുത്തിടെയാണ്. (ഇതിൽ പറഞ്ഞവരുടെ പേരുകൾ യഥാർഥമല്ല)
പുനരധിവാസം വെല്ലുവിളി
രോഗം മാറിയവരുടെ പുനരധിവാസമാണ് ആശുപത്രി അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളി. മാനസികാരോഗ്യ നിയമപ്രകാരം അസുഖം ഭേദമായവരെ ആശുപത്രിയിൽ താമസിപ്പിക്കേണ്ടതില്ല. അവരെ പുറത്തുവിടുന്നതിലും നിയമതടസ്സമില്ല. എന്നാൽ, വീട്ടുകാർ വരാത്തതിെൻറ പേരിൽ തെരുവിലേക്കിറക്കിവിടാൻ അധികൃതർക്കാവില്ല. മാനുഷിക പരിഗണന കൊണ്ടുമാത്രമാണ് ഇവർ ഇന്നും ഈ മതിൽക്കെട്ടിനുള്ളിൽ കഴിയുന്നത്.
രോഗം മാറിയാലും സമൂഹത്തിെൻറ/വീട്ടുകാരുടെ മനോഭാവം മാറാത്തതിനാൽ പലർക്കും ജീവിതം ഇവിടെ ഹോമിച്ചുതീർക്കേണ്ടിവരുന്നു. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ഏറെ ദൂരെയല്ലാത്ത ഒരിടത്തെ യുവതിയെ സുഖംപ്രാപിച്ചശേഷം ജീവനക്കാർ നിർബന്ധപൂർവം വീട്ടിൽ എത്തിച്ചിരുന്നു. എന്തിനാ ഇങ്ങോട്ടു കൊണ്ടുവന്നേ എന്നായിരുന്നു രക്തബന്ധുക്കളുടെ പ്രതികരണം. മാനസികമായി എത്ര ഭേദപ്പെട്ടാലും അത് അംഗീകരിക്കാൻ തയാറാവാത്തതിനാൽ, ഭ്രാന്തനെന്നും മാനസികരോഗിയെന്നുമുള്ള മുദ്ര ജീവിതത്തിലൊരിക്കലും മായാെത ജന്മം മുഴുവൻ എരിഞ്ഞുതീരുന്നവർ നിരവധിയാണ്. രോഗി മാനസികമായി കരുത്തുനേടിയിട്ടും അത് അംഗീകരിക്കാൻ മനസ്സ് വിശാലമാവാത്ത സമൂഹം.
പുനരധിവാസം വലിയൊരു കീറാമുട്ടിയായി മാറിയപ്പോൾ 2015 സെപ്റ്റംബറിൽ, അക്കാലത്ത് സൂപ്രണ്ടായി ചുമതലയേറ്റെടുത്ത ഡോ. രാജേന്ദ്രൻ ‘ഡിസ്ചാർജ് അദാലത്ത്’ എന്ന ആശയം മുന്നോട്ടുവെച്ചു.
രോഗം മാറിയെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നവരെ വീട്ടുകാർക്കോ സന്നദ്ധ സംഘടനകൾക്കോ കൂട്ടിക്കൊണ്ടുപോവാൻ അവസരം നൽകുന്ന ഈ പ്രതിവാര അദാലത്തിലൂടെ നിരവധിയാളുകൾക്ക് സ്വാതന്ത്ര്യത്തിെൻറ പുതിയ വാതായനങ്ങൾ തുറന്നുകിട്ടി.
അന്ന് അദാലത്തിൽ പങ്കെടുത്ത മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബിജു മേനോൻ ഹൈകോടതിയിൽ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിൽ, അസുഖം മാറിയിട്ടും ഇവിടെനിന്ന് പലർക്കും പോകാൻ സാധിക്കാത്ത ദുരവസ്ഥ വിശദീകരിച്ചിരുന്നു. പിന്നീട് അന്തേവാസികളിൽ കുറച്ചുപേരെ സംസ്ഥാനത്തെ വിവിധ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അന്തേവാസികളിൽ അഞ്ചിലൊന്നും ഇതരസംസ്ഥാനത്തിൽനിന്നുള്ളവരാണ്. ഇവരുടെ പുനരധിവാസത്തെക്കുറിച്ച് നാളെ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.