തവനൂർ ഭാരതപ്പുഴയോരത്തെ കേളപ്പജി സ്മൃതി മണ്ഡപം
തവനൂർ: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കെ. കേളപ്പൻ എന്ന കേരള ഗാന്ധിയുടെ ഓർമയിലാണ് തവനൂർ. ജന്മംകൊണ്ട് കോഴിക്കോടുകാരനായിരുന്നെങ്കിലും കർമ മേഖല പൊന്നാനിയും തവനൂരുമായിരുന്നു. 1919 പൊന്നാനി എ.വി. ഹൈസ്കൂളിൽ അധ്യാപകനായി എത്തിയപ്പോഴാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നതിൽ പിന്നെയാണ് കേളപ്പൻ തവനൂരിൽ എത്തുന്നത്.
വക്കീൽ ഗുമസ്തനായ പിതാവിന്റെ ആഗ്രഹപ്രകാരം ബോംബെയിൽ തൊഴിൽ ചെയ്ത് നിയമ പഠനം നടത്തി. ഇതിനിടയിലാണ് ഗാന്ധിജിയുടെ ആദർശങ്ങളിൽ പ്രചോദിതനായി ജോലിയും പഠനവുമുപേക്ഷിച്ച്, തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെക്കാൻ തീരുമാനിച്ചത്.
ജിവിതത്തിൽ നിലനിർത്തിയ ലാളിത്യവും ഉയർന്ന ചിന്തയും കേളപ്പനെ മാതൃകാ പുരുഷനാക്കി മാറ്റി. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികകല്ലായ ഉപ്പ് സത്യഗ്രഹ സമരത്തിൽ കേരളത്തെ മാതൃകയാക്കാൻ കേളപ്പജിക്ക് സാധ്യമായി. നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗാന്ധിജി ഉപ്പ് കുറുക്കി നിയമം ലംഘിച്ചതിന്റെ തുടർച്ചയായി, 1930 ഏപ്രിൽ 13ന് കെ. കേളപ്പന്റെ നേതൃത്വത്തിൽ മലബാറിനെ ഇളക്കി മറിച്ചുകൊണ്ട്, കോഴിക്കോട് നിന്നു പയ്യന്നൂരിലേക്ക് കാൽനടയായി ജാഥ നയിച്ചാണ്, ഉളിയത്ത് കടവിൽ കേരളത്തിലെ ആദ്യത്തെ ഉപ്പ് കുറുക്കൽ സമരം നടത്തിയത്.
1931ലെ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു.നിളയുടെ തീരത്തെ ഓത്താർ മഠത്തിന് സമീപം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി കെ. കേളപ്പൻ ആരംഭിച്ച ഹോസ്റ്റലാണ് നമ്മൾ സംസ്ഥാനത്ത് ഇന്ന് കാണുന്ന ഹരിജൻ ഹോസ്റ്റലുകൾക്ക് മാതൃകയായത്.
ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മൂല്യങ്ങൾ ഉൾകൊണ്ട് 1960ൽ കേളപ്പജി തുടങ്ങിയ സർവോദയപുരം പോസ്റ്റ് ബേസിക് സ്കൂളാണ് തവനൂരിലെ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായുള്ള കേളപ്പജിയുടെ അടുപ്പംകൊണ്ട്, തന്റെ സുഹൃത്തും ദേശീയവാദിയുമായ തവനൂർ മനയിലെ പരമേശ്വരൻ നമ്പൂതിരിപ്പാട് ദാനം നൽകിയ 100 ഏക്കർ സ്ഥലത്ത്, 1963ൽ സ്ഥാപിച്ച തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കലാലയമായി മാറിയ, കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി. 1971 ഒക്ടോബർ ഏഴിനു വിട പറഞ്ഞ കേളപ്പജി തവനൂരിലെ നിള തീരത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.