എൻ. രാജേഷ്: ഓർമയിലെന്നും കെടാവിളക്ക്

സ്​ നേഹസൗഹൃദങ്ങളുടെ മഹാനദിയായിരുന്നു എൻ. രാജേഷ്. പല വഴികളിൽ നിറഞ്ഞൊഴുകിയ മഹാപ്രവാഹം. കറതീർന്ന ട്രേഡ് യൂണിയനിസ്റ്റ്, മികച്ച മാധ്യമപ്രവർത്തകൻ, സംഘാടകൻ, അഭിമുഖകാരൻ, അവതാരകൻ, കായികപ്രേമി, അധ്യാപകൻ, പ്രഭാഷകൻ, ഗായകൻ തുടങ്ങി പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ അതിെൻറ കൈവഴികൾ പരന്നൊഴുകി. ഒരു കളത്തിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുന്നതായിരുന്നില്ല നട്ടുച്ചയിൽ അസ്തമിച്ചുപോയ ആ ജീവിതം.

കാൽ നൂറ്റാണ്ട് പിന്നിട്ട ചങ്ങാത്ത വഴിയിൽ എന്നും വല്ല്യേട്ടനായി കൈപിടിച്ചു കൂടെ നടന്നു അയാൾ. ഇടറിവീഴാൻ തുടങ്ങിയ വേളകളിൽ താങ്ങായി നിന്നു. ആഹ്ലാദങ്ങളിൽ നേരവകാശികളേക്കാൾ ആർത്തുല്ലസിച്ച് ആഘോഷമായി കൊണ്ടാടി. കൂടെ നിൽക്കുന്നവർ അന്യായത്തിന് ഇരയായി എന്നു തോന്നിയ സന്ദർഭങ്ങളിൽ മുൻപിൻ നോക്കാതെ ചെറുത്തുനിൽപ്പിെൻറ ശബ്ദമുയർത്തി. ഒരുപാടു സങ്കടങ്ങൾ വേട്ടയാടിയപ്പോഴും ജീവിതം കാർന്നുതിന്നുന്ന രോഗം ഉള്ളിൽ മറച്ചുവെച്ചു ചങ്ങാതിക്കൂട്ടങ്ങളിൽ ആനന്ദത്തിെൻറ മധുരം നിറച്ച് ആഘോഷങ്ങൾ സൃഷ്ടിച്ചു. പ്രായത്തിെൻറയും പദവിയുടെയും ആടഭാരങ്ങൾ നോക്കാതെ പ്രായഭേദമന്യേ അതിവിസ്തൃതമായ ചങ്ങാത്തത്തിെൻറ ചങ്ങലക്കണ്ണികൾ തീർത്തു.

അവിസ്മരണീയമായ അതുല്യവേഷങ്ങൾ ഒേട്ടറെയെങ്കിലും ഒളിയജണ്ടകളില്ലാതെ സഹജീവികൾക്കു വേണ്ടി പോരാടിയ നിർഭയനും നിർമലനുമായ ട്രേഡ് യൂനിയനിസ്റ്റ് എന്ന നിത്യഹരിത വേഷത്തോടാണ് എന്നും ആരാധന.

തൊഴിലാളി സ്നേഹം പ്രസംഗവേദിയിൽ ആവേശം വിളമ്പുന്ന വാചകക്കസർത്ത് മാത്രമല്ല എന്നു ജീവിതം കൊണ്ടു കാണിച്ചുതന്നു ആ പച്ചമനുഷ്യൻ. പൊതുവേദിയിൽ ഒതുങ്ങിനിന്നില്ല ആ െഎക്യദാർഢ്യം. സ്വന്തം തൊഴിലുടമയ്ക്കു മുന്നിലും നീതിക്കും അവകാശങ്ങൾക്കും വേണ്ടി നെഞ്ചുറപ്പോടെ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു എല്ലാവർക്കും പ്രിയങ്കരനായ രാജേഷേട്ടൻ. അതിെൻറ പേരിലുള്ള നഷ്ടങ്ങളെ വകവെച്ചില്ല.

ഒാർക്കാപ്പുറത്ത് ഉഗ്രശബ്ദത്തിൽ ആഞ്ഞു പതിച്ച വെള്ളിടിയുടെ ആഘാതം പോലെ ആ വിയോഗത്തിെൻറ വേദന ഇന്നും നെഞ്ചകം പടപടാ മിടിപ്പിക്കുന്നു. ഒരു ഫോണിനപ്പുറം ആശ്വാസമായും കരുതലായും എന്നുമുണ്ടായിരുന്ന ശബ്ദം ഇനിയില്ല എന്നു ബോധ്യപ്പെടാൻ ഇൗ ഒന്നാം വാർഷികത്തിലും മനസ്സ് സമ്മതിച്ചുതരുന്നില്ല. മരണവക്കിൽ ആശുപത്രിയിലേക്കു തിരിക്കുന്നതിനു മുമ്പ് അവസാനമായി ആ വിളി വന്നു. കാര്യങ്ങൾ അൽപം കുഴപ്പത്തിലാണ്. പ്രാർഥിക്കണം, കൂടെ നിൽക്കണം...ഒാർമകളുടെ മഹാസാഗരത്തിനു മുന്നിൽ കണ്ണീരിെൻറ ഉപ്പ് രുചിക്കാതെ നിങ്ങളെ ഒാർക്കാൻ പോലും കഴിയുന്നില്ലല്ലോ മനുഷ്യാ..

(കേരള പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Tags:    
News Summary - Memoirs of N Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.