ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്ടെ സൈബർതട്ടിപ്പ്, ഹവാല ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസി; തട്ടിപ്പ് പണം ദേശവിരുദ്ധ, തീവ്രവാദ പ്രവർത്തനത്തിനെന്ന് ആരോപണം

തിരുവനന്തപുരം: ഹവാല, വ്യാജരേഖ നിർമാണം, സൈബർ തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീക​രിച്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും. അവയവക്കടത്ത്, വ്യാജരേഖ നിർമിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, കാക്കൂർ പ്രദേശങ്ങളിലെ സൈബർ തട്ടിപ്പ്, ഹവാല ഇടപാടുകൾ, മ്യൂൾ അക്കൗണ്ടുകൾ ഉൾപ്പെട്ട ക്രിപ്‌റ്റോകറൻസി ഇടപാടുകൾ തുടങ്ങി എല്ലാ കേസുകളും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹം, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവക്ക് ധനസഹായം നൽകുന്നതായി ഉപയോഗിക്കുന്നുവെന്ന സൂചനകളുണ്ടെന്നും അതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ ഹവാല ഇടപാടുകാർ നിയമവിരുദ്ധ ഇടപാടുകളിലൂടെ സമാന്തര സമ്പദ്‌വ്യവസ്ഥ നടത്തുന്നുണ്ടെന്നും കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, കാക്കൂർ, കൈതപ്പൊയിൽ, വെഞ്ചേരി പ്രദേശങ്ങൾ സൈബർ തട്ടിപ്പിന്റെ ഹോട്ട്‌സ്‌പോട്ടുകളായി മാറിയിട്ടുണ്ടെന്നും വകുപ്പ് ആരോപിക്കുന്നു. അവയവക്കടത്ത്, വ്യാജരേഖ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡുകളിൽ നിരവധി അറസ്റ്റുകൾ നടത്തിയതായും എം.എൽ.എമാരുടെ ഉൾപ്പെടെ പേരുകളിൽ നിർമിച്ച വ്യാജ ലെറ്റർഹെഡുകൾ ഉൾ​പ്പെടെ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശൻ നേതൃത്വത്തിൽ എസ്.ഐ.ടി രൂപവത്കരിച്ചതെന്നും വകുപ്പ് അറിയിച്ചു. എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ നിയമവിരുദ്ധമായി അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിലെ മുഖ്യകണ്ണികളായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

അവയവമാറ്റ പ്രക്രിയകൾ നിയമവിരുദ്ധമായി എളുപ്പമാക്കുന്നതിന് സംഘം വ്യാപകമായി വ്യാജരേഖകൾ ചമച്ചിരുന്നതായി റെയ്ഡിൽ തെളിഞ്ഞു. വ്യാജരേഖകൾ നിർമിക്കുന്നതിന് കൂട്ടുനിന്ന സ്ഥാപനങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ വൻതോതിൽ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പാവപ്പെട്ടവരിൽ നിന്ന് കുറഞ്ഞ തുകക്ക് അവയവങ്ങൾ വാങ്ങി വൻതുകക്ക് മറിച്ചുവിൽക്കുന്ന മാഫിയാ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസിന്റെ സംശയം. ആശുപത്രികളിലെ ചില ഉന്നതർക്കും റാക്കറ്റുമായി ബന്ധമുണ്ടോയെന്ന കാര്യവും പ്രത്യേക സംഘം വിശദമായി പരിശോധിക്കും.

സംസ്ഥാനത്തെ ആരോഗ്യമേഖലയെ തന്നെ പിടിച്ചുലക്കുന്ന സംഭവമായതിനാൽ, യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത അന്വേഷണമായിരിക്കും നടക്കുകയെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. അന്വേഷണ പുരോഗതി നിരീക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

Tags:    
News Summary - Central agency to investigate cyber fraud hawala cases organ trafficking in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.