ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളി സ്വാശ്രയ കോളജുകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടും സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകള്‍ ഒഴിവുള്ള സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സെപ്റ്റംബര്‍ 28ന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സര്‍ക്കാര്‍ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്തണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
പല കോളജുകളും സീറ്റുകള്‍ ഒഴിവില്ളെന്നാണ് അറിയിച്ചതെന്ന് പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയും പ്രവേശപരീക്ഷാ കമീഷണറും പ്രത്യേകം പരിശോധന നടത്തും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഈ  സീറ്റുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റിന് ചൊവ്വാഴ്ചക്കകം വിജ്ഞാപനം ഇറക്കും.
ഇതിന്‍െറ മുന്നോടിയായി ജസ്റ്റിസ് ജയിംസ് കമ്മിറ്റി യോഗം ചേരും. ഒക്ടോബര്‍ ആറിനോ ഏഴിനോ സ്പോട്ട് അഡ്മിഷന്‍ നടത്താനാണ് സാധ്യത. പ്രവേശപരീക്ഷാ കമീഷണര്‍ ആയിരിക്കും അഡ്മിഷന്‍ നടത്തുക. അതേസമയം, വൈകി അംഗീകാരമായ കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കാന്‍ കോളജ് അധികൃതര്‍ സന്നദ്ധത അറിയിച്ചു.
 ശനിയാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 50 ശതമാനം വരുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ പ്രവേശനാധികാരം കോളജിന് വിട്ടുനല്‍കി മറ്റ് കോളജുകളുമായി ഒപ്പുവെച്ച മാതൃകയിലുള്ള കരാറിന് കോളജ് ഒരുക്കമാണെന്ന് കോളജ് മാനേജിങ് ട്രസ്റ്റി ഡോ.കെ.എം. നവാസ് പറഞ്ഞു. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടക്കും.
എന്നാല്‍ സുപ്രീംകോടതി വിധി പ്രകാരം സെപ്റ്റംബര്‍ 28ന് ശേഷം വരുന്ന മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്തണം. അതിന് സര്‍ക്കാര്‍ മുതിര്‍ന്നാല്‍ മുഴുവന്‍ സീറ്റുകളിലും ഉയര്‍ന്ന ഫീസ് നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഭയപ്പെടുന്നത്. മുഴുവന്‍ സീറ്റുകളിലേക്കും പത്ത് ലക്ഷം രൂപ ഏകീകൃത ഫീസ് വാങ്ങാന്‍ കെ.എം.സി.ടി കോളജ് കോടതിയില്‍നിന്ന് ഉത്തരവ് സമ്പാദിച്ചിട്ടുമുണ്ട്.
എന്നാല്‍, മുഴുവന്‍ സീറ്റിലേക്കും അലോട്ട്മെന്‍റിന് സാഹചര്യമുണ്ടായിട്ടും കോളജിന്‍െറ ആവശ്യത്തിന് വഴങ്ങിയാല്‍ സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശവും ഉയരും. പ്രതിപക്ഷം സ്വാശ്രയസമരം നടത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സൂക്ഷ്മതയോടെയാണ് ഇക്കാര്യം പരിശോധിക്കുന്നത്. ഞായറാഴ്ച ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നാണ് സൂചന.
 ഇതിനിടെ, സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ ഒഴിവുവന്ന മുഴുവന്‍ മെറിറ്റ് സീറ്റുകളിലേക്കും വെള്ളിയാഴ്ച രാത്രിയോടെ സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 സീറ്റുകളിലേക്കും പരിയാരം മെഡിക്കല്‍ കോളജിലെ 11ഉം ഗോകുലം മെഡിക്കല്‍ കോളജിലെ 50ഉം കോലഞ്ചേരി മെഡിക്കല്‍ കോളജിലെ മൂന്നും സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടത്തിയത്.
സര്‍ക്കാര്‍ ഡെന്‍റല്‍ കോളജുകളിലെ 62 സീറ്റുകളിലേക്കും പരിയാരം ഡെന്‍റല്‍ കോളജിലെ 13ഉം തിരുവല്ല പുഷ്പഗിരി കോളജിലെ ഒന്നും വര്‍ക്കല ശ്രീശങ്കര ഡെന്‍റല്‍ കോളജിലെ 35ഉം സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തി.

Tags:    
News Summary - medical self finance seat agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.