തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫ്ലൈ ഓവര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയാകും.

മെഡിക്കല്‍ കോളജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.




മെഡിക്കല്‍ കോളേജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേല്‍പാലം. ഈ ഫ്‌ളൈ ഓവര്‍ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസില്‍ നിന്നും പുതിയയൊരു പാത തുറക്കപ്പെടുകയാണ്. ഇത് ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കും. ഇതോടുകൂടി ക്യാമ്പസിന് പ്രധാന റോഡുകളുമായി മൂന്നു പാതകള്‍ തുറക്കപ്പെടുകയാണ്. 

കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖാന്തിരമാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് മന്ത്രി നിരവധി തവണ ചര്‍ച്ച നടത്തുകയും മേല്‍പ്പാലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Medical College Flyover inauguration on august 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.