ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. ഖമറുദ്ദീൻ വീണ്ടും അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസിൽ മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീൻ വീണ്ടും അറസ്റ്റിൽ. കാസർകോട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിൽ ഹാജരാക്കിയ ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചന്തേര പൊലീസിലടക്കം പുതുതായി രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസുകളിലാണ് ഖമറുദ്ദീനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മുമ്പ് രജിസ്റ്റർ ചെയ്ത നൂറിലേറെ കേസുകളിൽ ഖമറുദ്ദീൻ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട നൂറ്റമ്പതോളം കേസുകളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. മറ്റൊരു പ്രതി ടി.കെ. പൂക്കോയ തങ്ങളുടെ അടക്കം സ്വത്ത് കണ്ടുകെട്ടാൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ചന്തേര പൊലീസ് രജിസ്റ്റർ ​ചെയ്ത കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു. 

നേരത്തെ, 2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസില്‍ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി 96 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

Tags:    
News Summary - MC Khamarudheen arrested in fashion gold scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.