നിയമസഭയിൽ സ്പീക്കറായി അരങ്ങേറ്റം, 16ാം മാസം മന്ത്രിയായി എം.ബി. രാജേഷ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി വിജയം കൈവരിച്ചതിന് പിന്നാലെ സ്പീക്കർ പദവിയിലെത്തിയ എം.ബി. രാജേഷ്, കൃത്യം 16 മാസം പിന്നിടുമ്പോൾ സഭാനാഥനിൽനിന്ന് മന്ത്രിസഭ അംഗമായി വേഷപ്പകർച്ച. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ എസ്‌.എഫ്‌.ഐ യൂനിറ്റ്‌ സെക്രട്ടറിയായി സംഘടനാ പ്രവർത്തനം തുടങ്ങിയ രാജേഷ് നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്.

ണ്ട് തവണ പാർലമെൻറ് അംഗമായ ശേഷമാണ് കഴിഞ്ഞ തവണ തൃത്താല മണ്ഡലത്തിൽനിന്നും എം.ബി രാജേഷ് നിയമസഭയിലെത്തുന്നത്. 15ാം കേരള നിയമസഭയുടെ സ്പീക്കറായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഇപ്പോൾ, തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് രാജേഷ് മന്ത്രിയാകുന്നത്.

സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് നിന്ന് പാർലമെന്റ് അംഗമായി.

ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള പുരസ്കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ മികച്ച പാർലമെന്റംഗത്തിനുള്ള പുരസ്കാരം, ചെറിയാൻ ജെ കാപ്പൻ പുരസ്കാരം, കോട്ടയം ലയൺസ് ക്ലബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർ‍ഡ് എന്നിവ ലഭിച്ചു. എട്ട്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ പൊലീസ്‌ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച്‌ നടത്തിയ വിദ്യാർഥി സമരത്തിൽ പൊലീസ്‌ മർദനത്തിനരയായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ്‌ മർദനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിലും പൊലീസ് മർദ്ദനമേറ്റിരുന്നു.

ജാലിയൻവാലാബാഗ്‌ കൂട്ടകൊലയിൽ നൂറ്‌വർഷത്തിനുശേഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാപ്പ്‌ പറഞ്ഞത്‌ എം ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെതുടർന്നായിരുന്നു. സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം കെ രമണിയുടെയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിലാണ് ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി ( കാലടി സംസ്കൃത സർവകലാശാല അസി. പ്രഫസർ). മക്കൾ: നിരഞ്ജന, പ്രിയദത്ത.

Tags:    
News Summary - MB Rajesh from speaker to minister of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.