പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ഫെഡിന്റെ പെട്രോൾ പമ്പുകൾ

ബേപ്പൂർ: മണ്ണെണ്ണയിൽനിന്ന് പെട്രോൾ എൻജിനിലേക്ക് മാറുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്ത വള്ളങ്ങൾക്ക് ഇന്ധനലഭ്യത ഉറപ്പാക്കാൻ മത്സ്യഫെഡിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി. ഇതിനുവേണ്ടി സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 107 തീരപ്രദേശങ്ങളിൽ ഇന്ധനക്കമ്പനികൾ സാധ്യതാപഠനം തുടങ്ങി.

ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, മാംഗളൂർ പെട്രോളിയം എന്നീ കമ്പനികളാണ് പഠനം നടത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 പമ്പുകളാണ് തുടങ്ങുക. കേന്ദ്ര-സംസ്ഥാനങ്ങളുടെ വിവിധ ലൈസൻസുകൾ, രജിസ്ട്രേഷനുകൾ പാരിസ്ഥിതിക അനുമതിപത്രങ്ങൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളിൽ പമ്പുകൾ ആരംഭിക്കാനാണ് ലക്ഷ്യം.

മലപ്പുറം ജില്ലയിലെ പറവണ്ണയിൽ മത്സ്യഫെഡിന്റെ പെട്രോൾ പമ്പ് നേരത്തെ പ്രവർത്തിക്കുന്നുണ്ട്. മത്സ്യഫെഡിന്റെ കീഴിൽ നിലവിലുള്ള 13 മണ്ണെണ്ണ ബങ്കുകളിൽ പെട്രോൾകൂടി ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മണ്ണെണ്ണ എൻജിനുകളിൽ പ്രവർത്തിക്കുന്ന യാനങ്ങൾ ഘട്ടംഘട്ടമായി പെട്രോളിലേക്ക് മാറ്റാനാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം. ഇതിന് തൊഴിലാളികൾക്ക് 80 ശതമാനം സബ്സിഡി നൽകും.

സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിക്കുന്ന 34,502 പരമ്പരാഗത ചെറുകിട വള്ളങ്ങളാണ് നിലവിലുള്ളത്. ഇവ പെട്രോളിലേക്ക് മാറുമ്പോൾ മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന ഇന്ധനപ്രതിസന്ധി ഒഴിവാക്കുന്നതിനാണ് കുടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. പി. സഹദേവൻ പറഞ്ഞു.

മണ്ണെണ്ണ സബ്സിഡിക്ക് തുല്യമായി, ലിറ്ററിന് 25 രൂപ സബ്സിഡി പെട്രോളിനും ഫിഷറീസ് വകുപ്പ് നൽകും. പെട്രോൾ ഇന്ധനമായി ഉപയോഗിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് പ്രവർത്തനച്ചെലവിലും ഇന്ധനച്ചെലവിലും ശരാശരി 50-55 ശതമാനം ലാഭിക്കാനാകും. ഇതിലൂടെ പരിസ്ഥിതി സൗഹൃദ മാനദണ്ഡവും ഉറപ്പുവരുത്തും.

Tags:    
News Summary - Matsya Fed petrol pumps for traditional fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.