എക്സൈസ് വകുപ്പിൽ ഇടതനുകൂല സംഘടന ഭാരവാഹികൾക്ക് കൂട്ടസ്ഥലംമാറ്റം

കണ്ണൂർ: എക്സൈസ് വകുപ്പിൽ ഇടതനുകൂല സംഘടന ഭാരവാഹികൾക്ക് വിവിധ ജില്ലകളിൽ കൂട്ട സ്ഥലംമാറ്റമെന്ന് പരാതി. കഴിഞ്ഞദിവസമിറങ്ങിയ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ആരോപണം. ചെക്പോസ്റ്റ് സ്ഥലംമാറ്റത്തിന്റെ പേരുപറഞ്ഞാണ് ഇപ്പോഴുള്ള മാറ്റം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ഇടതനുകൂല സംഘടന ഭാരവാഹികളെയാണ് കൂട്ടമായി സ്ഥലംമാറ്റിയത്. കണ്ണൂർ ജില്ല സെക്രട്ടറിയെയും പ്രസിഡന്റിനെയുമടക്കം തിരഞ്ഞുപിടിച്ചാണ് സ്ഥലംമാറ്റിയതെന്നാണ് ആക്ഷേപം. ഇതിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായ ബെൻഹർ കോട്ടത്തുവളപ്പിലിനെ ഇരിട്ടിയിൽനിന്ന് 50 കി.മീ അകലെയുള്ള പാപ്പിനിശ്ശേരിയിലേക്കാണ് മാറ്റിയത്. സംസ്ഥാന ജന. സെക്രട്ടറിയെയും മാറ്റിയിട്ടുണ്ട്.

എക്സൈസ് വകുപ്പ് ചട്ടങ്ങൾ പ്രകാരം എക്സൈസ് കമീഷണറേറ്റ്, അഡി. എക്സൈസ് കമീഷണർ ഓഫിസ്, ജോ. എക്സൈസ് കമീഷണർ ഓഫിസ്, ഡെ. കമീഷണർ ഓഫിസ്, കെ.എസ്.ബി.സി ഹെഡ് ക്വാർട്ടേഴ്സ് തുടങ്ങിയ ഓഫിസുകളിലെ സേവനകാലയളവ് കുറഞ്ഞത് മൂന്നുവർഷമാണ്. എക്സൈസ് വകുപ്പിലെ ഫീൽഡ് ഓഫിസുകളായ എക്സൈസ് റേഞ്ച് ഓഫിസ്, സർക്കിൾ ഓഫിസ്, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് തുടങ്ങിയ ഓഫിസുകളിൽ സേവനംചെയ്യുന്ന ഇൻസ്പെക്ടർമാർ, പ്രിവന്റിവ് ഓഫിസർമാർ, വനിത സിവിൽ എക്സൈസ് ഓഫസർമാർ, എക്സൈസ് ഡ്രൈവർമാർ തുടങ്ങിയവരുടെ സേവന കാലയളവ് അതത് ഓഫിസുകളിൽ കുറഞ്ഞത് രണ്ടുവർഷമായും നിജപ്പെടുത്തിയിട്ടുണ്ട്. മേൽപറഞ്ഞ എക്സൈസ് ചട്ടങ്ങൾ പാലിക്കാതെയാണ് കൂട്ടസ്ഥലംമാറ്റമുണ്ടായതെന്നാണ് സംഘടന ഭാരവാഹികൾ കൂടിയായ ഓഫിസർമാർ ആരോപിക്കുന്നത്. പല ഓഫിസുകളിലും എട്ടുമാസവും ഒരുവർഷവും മാത്രം സേവനം ചെയ്തവരും സ്ഥലംമാറ്റിയവരിൽപെട്ടിട്ടുണ്ട്. ചെക്പോസ്റ്റിൽ പോയിട്ട് ഒരുവർഷം തികഞ്ഞ് തിരിച്ചുവന്നവരെ വീണ്ടും ചെക്പോസ്റ്റിലേക്കുതന്നെ സ്ഥലംമാറ്റിയതായി പറയുന്നു.

ഇ-റോൾ വഴി അപേക്ഷ വിളിച്ച് ഓപ്ഷൻ സ്വീകരിച്ചതിനുശേഷം മാത്രമേ സ്ഥലംമാറ്റം പാടുള്ളൂ എന്ന ചട്ടം നിലനിൽക്കെയാണ് രാഷ്ട്രീയപ്രേരിതമായ കൂട്ടസ്ഥലംമാറ്റമുണ്ടായതെന്നാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ, കണ്ണൂർ ജില്ലയിലെ ചെക്പോസ്റ്റിൽനിന്ന് മാറാൻ മേയ് 21 മുതൽ 29വരെ ഇ-റോൾ വഴി അപേക്ഷ നൽകാനുള്ള സമയപരിധിയുണ്ടുതാനും. 

Tags:    
News Summary - Mass transfer of office bearers of the Excise Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.