കുട്ടനാട്: സി.പി.എമ്മിലെ കൂട്ടരാജി വിഷയം പരിഹരിച്ചെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും പ്രവർത്തകരിൽ അമർഷം പുകയുന്നു. മന്ത്രി സജി ചെറിയാനും പാർട്ടി ജില്ല സെക്രട്ടറി ആർ. നാസറും ചർച്ച നടത്തിയെങ്കിലും രാജിവെച്ചവർ ഉന്നയിച്ച പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. പാർട്ടി വിട്ടെന്ന് പ്രഖ്യാപിച്ചവരുമായി ചർച്ച നടത്താനും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പ്രശ്‌നപരിഹാര യോഗശേഷം മന്ത്രി സജി ചെറിയാൻ പ്രതികരിച്ചതുമില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ 307 പേരാണ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്. ഇതിൽ പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ 75 അംഗങ്ങൾ ഒന്നിച്ച് രാജിവെച്ചു. സംഘടനാ തെരഞ്ഞെടുപ്പ് മുതലുള്ള പ്രാദേശിക വിഷയങ്ങളാണ് കൂട്ടരാജിക്ക് കാരണം. എല്ലാ വിഷയത്തിനും ഒറ്റയടിക്ക് പരിഹാരം കാണാൻ കഴിയാത്തതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. രാജി പ്രഖ്യാപിച്ചവരിൽ ഭൂരിഭാഗംപേരും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടേ മടങ്ങിവരൂ എന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന. രാജിവെച്ച നാല് ഏരിയ കമ്മിറ്റി അംഗങ്ങളും വ്യാഴാഴ്ച നടന്ന യോഗത്തിൽനിന്ന് വിട്ടുനിന്നതും പ്രശ്നം അണയാത്തതിന്‍റെ സൂചനയാണ്.
അതേസമയം, ഭിന്നതയും തർക്കങ്ങളും പരിഹരിച്ചതായി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. പരാതികളുള്ളവരെ കേട്ടു. ചില പ്രശ്നങ്ങൾ അവർ പറഞ്ഞു. ചില പരാതികളിൽ കഴമ്പുണ്ട്. ആരും പാർട്ടി വിട്ടുപോകില്ല. ഒരാളുടെ പേരിലും നടപടിയുണ്ടാകില്ല. താഴെതട്ടിൽ യോഗങ്ങൾ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.