മേരിയമ്മക്ക് സി.എച്ച് സെൻററിൽ നൽകിയ യാത്രയയപ്പ്

വേർപിരിയലി​െൻറ വേദനയോടെ മേരിയമ്മ മടങ്ങി

ചക്കരക്കല്ല്​: ആറ് വർഷക്കാലം സ്വന്തം കുടുംബം പോലെ എളയാവൂർ സി.എച്ച് സെൻററിൽ കഴിഞ്ഞുകൂടിയ മേരിയമ്മയുടെ മടക്കം മനസ്സ്​​ പിടയുന്ന വേദനയോടെ​. ആറുവർഷം മുമ്പാണ് മേരിയമ്മയെയും ഭർത്താവ് രാമചന്ദ്രനെയും സി.എച്ച് സെൻറർ ഏറ്റെടുത്തത്.

നീണ്ട കാലം ഖത്തറിൽ പ്രവാസ ജീവിതം നയിച്ച ഇവർ പ്രവാസം മതിയാക്കി ഭർത്താവി​െൻറ ജന്മസ്ഥലമായ കണ്ണൂരിലേക്ക് വരുകയായിരുന്നു. എറണാകുളം പള്ളുരുത്തിയാണ്​ സ്വദേശം. ഖത്തറിൽ അറബി വീട്ടിൽ ജോലി ചെയ്തുവന്നിരുന്ന ഇരുവരുടെയും വിവാഹം അവിടെ വെച്ചായിരുന്നു. നാട്ടിലെത്തി അധികം കഴിയുംമുമ്പ്​ ഭർത്താവ്​ രോഗബാധിതനായി. വാടക വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾ കൈയിലുള്ള സമ്പാദ്യമെല്ലാം തീർന്നതോടെ നിസ്സഹായാവസ്​ഥയിലായി. തുടർന്നാണ്​, മക്കളില്ലാത്ത ദമ്പതികളെ എളയാവൂർ സി.എച്ച് സെൻറർ ഏറ്റെടുത്തത്​.

സെൻററിലെത്തിയ മേരിയമ്മ എല്ലാവർക്കും അമ്മയായി മാറി. ഇവിടത്തെ മറ്റു അന്തേവാസികളെ പരിചരിക്കുന്ന കാര്യത്തിൽ കുടുംബനാഥയുടെ സ്ഥാനത്തായിരുന്നു ഇവർ. സമയം കിട്ടുന്ന വേളകളിൽ അടുത്തുള്ള വീടുകളുമായും മേരിയമ്മ നല്ല ബന്ധം സ്ഥാപിച്ചു. സെൻറർ ഭാരവാഹികളെ മേരിയമ്മ സ്വന്തം മക്കളായിട്ടാണ് കാണാറുള്ളത്. ഇവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും മേരിയമ്മയെ മറക്കാൻ കഴിയില്ല. സി.എച്ച് സെൻററിലെ അന്തേവാസിക​ളെല്ലാം മേരിയമ്മക്ക് ഉറ്റ ചങ്ങാതിമാരാണ്. സാറുമ്മയുടെയും ജാനകിയമ്മയുടെയും ദേവു അമ്മയുടെയും മരണം മറ്റുള്ളവരെ പോലെ മേരിയമ്മയെയും ഏറെ വേദനിപ്പിച്ചിരുന്നു. ഒടുവിൽ പ്രിയതമൻ രാമച​ന്ദ്രനും കഴിഞ്ഞയാഴ്ച വിടപറഞ്ഞു. ഭർത്താവി​െൻറ മരണശേഷം സി.എച്ച് സെൻററിൽ തനിച്ചായ മേരിയമ്മയെ സ്വീകരിക്കാൻ എറണാകുളത്തെ ബന്ധുക്കൾ തയാറായി. ഇതോടെ മേരിയമ്മ ഇനിയുള്ള കാലം ബന്ധുക്കളോടൊപ്പം ജീവിക്കാൻ തീരുമാനിക്കു കയായിരുന്നു.

സി.എച്ച് സെൻററിൽ നിന്നും മേരിയമ്മയുടെ മടക്കം എല്ലാവർക്കും സങ്കടം നിറഞ്ഞതായിരുന്നു. ഭാരവാഹികളും അന്തേവാസികളും ചേർന്ന് പാലിയേറ്റിവ് ഇൻ എന്ന കാരുണ്യ ഭവനത്തി​െൻറ മുറ്റത്ത് സംഗമിച്ച്​ വികാരഭരിതമായ യാത്രയയപ്പ് നൽകി. സെൻറർ ചെയർമാൻ മുഹമ്മദ് അഷ്റഫ് പൊന്നാടയണിക്കുകയും രക്ഷാധികാരി ഉമ്മർ പുറത്തീൽ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ്​ എൽ.കെ. മുഹമ്മദലി, ആർ.എം. ഷബീർ തുടങ്ങിയവർ സംസാരിച്ചു. എല്ലാവരും മേരിയമ്മയെ നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.