ഗുരുവായൂർ: മതം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ പേരുള്ള വധുവിെൻറ വിവാഹ രജിസ്ട്രേഷൻ ഗുരുവായൂർ നഗരസഭ നിഷേധിച്ചു. പരേതനായ പ്രമുഖ മാധ്യമപ്രവർത്തകൻ കെ. ജയചന്ദ്രെൻറയും അഡ്വ. ആനന്ദകനകത്തിെൻറയും മകൾ ക്രിസ്റ്റീന എമ്പ്രസിെൻറ വിവാഹമാണ് ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചത്.
ആഗസ്റ്റ് 24നാണ് ഗുരുവായൂർ ക്ഷേത്രസന്നിധിൽ ക്രിസ്റ്റീനയുടെയും ദീപക് രാജിെൻറയും വിവാഹം നടന്നത്. വിവാഹസത്കാരവും ഗുരുവായൂരിൽ തന്നെയായിരുന്നു. ക്രിസ്റ്റീന എന്ന പേർ നഗരസഭക്ക് ബോധിക്കാതെ പോയതാണ് പ്രശ്നം. ഇതാണ് പേരെങ്കിൽ ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് വിവാഹ രജിസ്ട്രേഷൻ വിഭാഗം ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകളടക്കമാണ് എത്തിയതെങ്കിലും മതം കാണിക്കുന്ന രേഖ ഉണ്ടായിരുന്നില്ല.
തിരിച്ചറിയൽ രേഖയായി ക്രിസ്റ്റീന കൊണ്ടുവന്നത് പാസ്പോർട്ട് പകർപ്പ് ആണ്. സാക്ഷിയായി എത്തിയ ഇടതുപക്ഷ സഹയാത്രികൻ വേണു എടക്കഴിയൂർ ഇടപെട്ടിട്ടും കൗൺസിലർ സുരേഷ് വാര്യർ രജിസ്ട്രേഷൻ വിഭാഗത്തിലുള്ളവരോട് സംസാരിച്ചിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നഗരസഭ ഭരണാധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്യാതെ നവദമ്പതികൾ കോഴിക്കോട്ടേക്ക് മടങ്ങി.
ഇനി ഹിന്ദുവെന്ന് തെളിയിക്കുന്ന രേഖകളുമായെത്തി വേണം രജിസ്റ്റർ ചെയ്യാൻ. എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഹിന്ദു എന്നാണെന്ന് ജയചന്ദ്രെൻറ ഭാര്യ ആനന്ദകനകം പറഞ്ഞു.
മതം ചേർക്കരുതെന്ന ജയചന്ദ്രെൻറ ആവശ്യം അവഗണിച്ചാണ് സ്കൂൾ അധികൃതർ ഹിന്ദു എന്ന് ചേർത്തത് എന്ന് അവർ പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന വിധമുള്ള ‘ഹിന്ദു’പേരുകൾ ഇല്ലാത്തവർക്ക് ഹിന്ദു വിവാഹ നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന് മതം തെളിയിക്കാനുള്ള രേഖ കൂടി ഹാജരാക്കേണ്ടി വരും എന്നതാണ് എൽ.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂരിലെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.