കൊച്ചി : കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിൽ വിപണികൾ ശക്തമാകണമെന്ന് പി.രാജീവ്. കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ന്യായവിലയിൽ വിൽക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. 'മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനമാണ് കൃഷി'.ഈ കാഴ്ച്ചപ്പാട് മുൻനിർത്തി കർഷകരെ ആദരിക്കുന്ന സംസ്ക്കാരമാണ് നമ്മുടെ നാട്ടിലുള്ളതെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് സഹായമായി കൃഷി നാശത്തിന് നഷ്ടപരിഹാരമായി ഇൻഷുറൻസ് അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്.
സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നിരവധി പേരാണ് കൃഷിയിലേക്ക് കടന്ന് വരുന്നത്. കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന "കൃഷിക്കൊപ്പം കളമശ്ശേരി "പദ്ധതിക്ക് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.സഹകരണ ബാങ്കുകളും, തദ്ദേശസ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിയുടെ ഭാഗമാകുന്നത്. നൂറ്റിയതോളം സഹകരണ സംഘങ്ങളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം കർഷകർക്കായി ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കർഷക ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ കൃഷി ദർശൻ വിളംബര ജാഥയിലും മന്ത്രി പങ്കെടുത്തു. ചടങ്ങിൽ കർഷകരെ ആദരിച്ചു. കുടുംബശ്രീ ഗ്രൂപ്പുകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിരുന്നു.
കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ സി.എം വർഗ്ഗീസ്,സിജി വർഗ്ഗീസ്,ഷിബി പുതുശ്ശേരി,കവിത. വി.ബാബു,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.കാസിം, കുന്നുകര കൃഷിഭവൻ കൃഷി ഓഫീസർ പി. എം.സാബിറ ബീവി , കൃഷി അസിസ്റ്റന്റ് പി. എച്ച് സെയ്തു മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.