മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി നേതാവ് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും

മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത്.

മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ.സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം രൂപയും മൊബൈല്‍ഫോണും കോഴയായി നല്‍കിയെന്നാണ് സുന്ദര പറഞ്ഞത്.

ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യംചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുന്ദര അപ്രത്യക്ഷനായതും മറ്റും വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽനിന്ന് കോടികൾ പിടികൂടിയ സംഭവം ഉണ്ടായെങ്കിലും കേസ് വേണ്ട രീതിയിൽ അന്വേഷിക്കപ്പെട്ടില്ല എന്ന ആരോപണവും നിലവിലുണ്ട്. 

Tags:    
News Summary - manjeswaram bribery case -k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.