മണിപ്പൂരിലെ കലാപത്തിന് കാരണം ബി.ജെ.പി സര്‍ക്കാര്‍; മലയാളി വിദ്യര്‍ത്ഥികളെ ഉടന്‍ നാട്ടിലെത്തിക്കണം -ഇ.ടി

കോഴിക്കോട്: മണിപ്പുരില്‍ കുടുങ്ങിയ കേരളത്തിലെ വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇടപെണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു. മണിപ്പൂരിന്റെ മെയിന്‍ലാന്‍ഡില്‍ അധിവസിക്കുന്ന മെയ്‌തേയി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളെ പട്ടിക വര്‍ഗക്കാരായി ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും കലാപത്തിലേക്ക് വഴിമാറിയതും.

ഭൂരിപക്ഷം വരുന്ന ആദിവാസി ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ആദിവാസികള്‍ അല്ലാത്ത ഹിന്ദുമതത്തില്‍പെട്ട ഭൂരിപക്ഷ വിഭാഗത്തിന് നല്‍കി വോട്ടു ബാങ്ക് രാഷ്ട്രീയം അലസമായി കൈകാര്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണമായത്. ക്രിസ്ത്യന്‍-ഹൈന്ദവ സമുദായങ്ങള്‍ തുല്ല്യമായ ഇവിടെ ആയിരങ്ങള്‍ പാലായനം ചെയ്യുകയും പട്ടാള ക്യാമ്പുകളില്‍ അഭയം തേടുകയും ചെയ്തിട്ടുണ്ട്. അക്രമകാരികളെ കണ്ടാല്‍ ഉടന്‍ വെടിവക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്.

ഇന്റര്‍നെറ്റ് കട്ടാക്കിയും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെയും അവിടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശങ്കയുടെ മുള്‍മുനയിലാക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ വര്‍ഗീയകൊണ്ട് തടയിടുന്ന സര്‍ക്കാറാണ് സേവ് മണിപ്പൂര്‍ എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയ കലാപകാരികളുടെ സ്‌പോണ്‍സര്‍മാര്‍ എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ സുരക്ഷിതരാണെന്നാണ് വിവരം. എന്നാല്‍ സംഘര്‍ഷം തുടരുന്നതില്‍ ഇവരെല്ലാം ആശങ്കയിലാണ്. മെഡിക്കല്‍ കോളജിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെട്ട് അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Tags:    
News Summary - Manipur violence caused by BJP government -E.T Muhammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.