കൽപറ്റ: ബി.ജെ.പിയോട് അനുഭാവമില്ലെന്നും അവരുടെ ആശയങ്ങളോട് ഒരുനിലക്കും യോജിക്കാനാകില്ലെന്നും മാനന്തവാടിയിൽ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ച സി. മണികണ്ഠൻ. തന്നോട് ചോദിക്കാതെയാണ് പേര് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. പണിയ വിഭാഗത്തിൽനിന്നൊരാളുടെ പേര്, ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം വന്നതിനുപിന്നാലെ, പിന്മാറുന്നതായി മണികണ്ഠൻ വ്യക്തമാക്കിയിരുന്നു. മണികണ്ഠെൻറ ഫേസ്ബുക്ക് പ്രൊഫൈൽ നെയിം ആയ മണിക്കുട്ടൻ എന്ന പേരാണ് ബി.ജെ.പി പട്ടികയിൽ ഉണ്ടായിരുന്നത്. ബി.ജെ.പി സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്നറിയിച്ച് ജില്ല^സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടിരുന്നു. സ്ഥാനാർഥിയാകാനില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. ബയോഡാറ്റ അയക്കാൻ പറഞ്ഞെങ്കിലും താൽപര്യമില്ലെന്ന് പറഞ്ഞ് പിന്മാറി. ഇതിനിടെ ഞായറാഴ്ച ഉച്ചക്ക് ടി.വിയിലൂടെയാണ്, ബി.ജെ.പി സ്ഥാനാർഥിയായി തെൻറ പേര് പ്രഖ്യാപിച്ച വിവരം അറിയുന്നത്.
പിന്നാലെ വീട്ടിലെത്തിയ നേതാക്കളോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കാലങ്ങളായി ഇടതു^വലതു മുന്നണികൾ ആദിവാസികളിലെ ഏറ്റവും പിന്നാക്കമായ പണിയ വിഭാഗത്തെ അവഗണിക്കുകയാണ്. പണിയ വിഭാഗത്തിെൻറ ഉന്നമനവും പഠനവുമാണ് തെൻറ ലക്ഷ്യം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പണിയ വിഭാഗത്തിൽനിന്ന് കുറഞ്ഞത് അഞ്ച് എം.ബി.എക്കാരെയെങ്കിലും ഉന്നത മാർക്കോടുകൂടി സൃഷ്ടിച്ചെടുക്കാമെന്ന് വിശ്വാസമുണ്ടെന്നും ഈ വിഭാഗത്തിലെ ആദ്യ എം.ബി.എക്കാരനായ മണികണ്ഠൻ പറഞ്ഞു.
ഇതിനിടെ, ''ഈ കാണുന്ന വിളക്കു കാലിൽ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെെൻറ ജനതയെ ഒറ്റുകൊടുക്കില്ല'' എന്ന അംബേദ്കറിെൻറ വാക്കുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അംബേദ്കർ രാഷ്ട്രീയത്തോടുള്ള കൂറും വ്യക്തമാക്കി. പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമല്‍സ് സയന്‍സ് യൂനിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാർട്മെൻറില് ഗോത്രമിഷൻ ടീച്ചിങ് അസിസ്റ്റൻറാണ് മണികണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.