ഭീരുക്കളെപ്പോലെ ഒളിച്ചിരുന്ന്‌ തനിക്കെതിരെ ആക്രമണം നടത്തുന്നുവെന്ന് നഫീസത്തുൽ മിസ്രിയ

കൊച്ചി: അനീതിക്കെതിരായ ചോദ്യം ചോദിച്ചതിന്‌ സമൂഹമാധ്യമങ്ങളിലൂടെ തന്നെ ആക്രമിക്കുകയാണെന്ന്‌ എറണാകുളം മഹാരാജാസ്‌ കോളജ്‌ യൂനിയൻ വൈസ്‌ ചെയർപേഴ്‌സൻ നഫീസത്തുൽ മിസ്രിയ. ചോദ്യത്തോടും രാഷ്‌ട്രീയത്തോടുമുള്ള വിമർശനങ്ങളെ അംഗീകരിക്കുകയാണ്​. എന്നാൽ, കോൺഗ്രസിന്റെ സൈബർ ഗ്ര‍ൂപ്പുകളും വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും ഉപയോഗിച്ച്​ തന്‍റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ച്‌ മോശമായ പ്രചാരണങ്ങൾ നടത്തുകയാണ്.

ജനാധിപത്യരീതിയിൽ ചോദ്യങ്ങളുന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ട്‌. ഭീരുക്കളെപ്പോലെ ഒളിച്ചിരുന്ന്‌ തനിക്കെതിരെ ആക്രമണം നടത്തുകയാണ്. പരിപാടി തടസ്സപ്പെടുത്താനല്ല എത്തിയത്‌. മന്ത്രി പ്രസംഗം പൂർത്തിയാക്കിയ ശേഷമാണ്‌ ചോദ്യം ചോദിച്ചത്‌. എല്ലാവരും സ്റ്റേജിലേക്കു കയറിയിട്ടില്ല. ഉത്തരം പറയാൻ അവസരമുണ്ടായിട്ടും പ്രതികരിക്കാതെ മന്ത്രി മടങ്ങുകയായിരുന്നു.

പരീക്ഷയിൽ പരാജയപ്പെട്ടതുകൊണ്ടാണ്‌ പ്രതിഷേധിച്ചതെന്ന്‌ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​ ചിലർ. പരീക്ഷകളിൽ വിജയിച്ചവർക്കേ കോളജ്‌ യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂവെന്ന സത്യം മറച്ചുവെച്ചാണ്‌ പ്രചാരണമെന്നും എറണാകുളം ലെനിൻ സെന്‍ററിൽ മാധ്യമപ്രവർത്തകരോട്​ നഫീസത്തുൽ മിസ്രിയ പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ ഇവർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

മഹാരാജാസ്‌ കോളജിൽ ബിരുദദാനച്ചടങ്ങ്‌ അലങ്കോലപ്പെട്ടുവെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ ബി.എസ്‌സി സുവോളജിയിൽ ഒന്നാം റാങ്ക്‌ നേടിയ സ്‌നേഹ സുകുമാരൻ പറഞ്ഞു. വിജയികൾ രക്ഷിതാക്കളോടൊപ്പം എത്തി സർട്ടിഫിക്കറ്റും ട്രോഫിയും വാങ്ങിയതായും നല്ലരീതിയിൽ പരിപാടി നടന്നതായും സ്‌നേഹ പറഞ്ഞു. 

Tags:    
News Summary - Cyber attack for asking question, Maharaja's Union Vice Chairperson files complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.