അന്യായ ന്യായവില: പരിഷ്കരണ പ്രതീക്ഷയിൽ ഭൂവുടമകൾ
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ വസ്തുഉടമകൾ. 2010 ഏപ്രിൽ ഒന്നിനാണ് ഭൂമിക്ക് ന്യായവില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനുശേഷം മാറിവന്ന സർക്കാറുകൾ പല ഉത്തരവുകളിലൂടെയും 16 വര്‍ഷത്തിനിടെ 160 ശതമാനത്തിലേറെയാണ് വർധിപ്പിച്ചത്. ന്യായവില അഞ്ചുതവണ ഉയര്‍ത്തിയത് കാരണം ഭൂമിക്ക് പലയിടത്തും ന്യായമല്ലാത്ത വിലയായി.
കൂട്ടത്തോടെ പല സർവേ നമ്പറുകളിലും വരുന്ന ഭൂമിക്ക് വില നിശ്ചയിച്ചില്ല. എന്നാൽ, മറ്റു പലയിടത്തും അന്യായ വിലയും നിശ്ചയിച്ചു. ചിലയിടങ്ങളിൽ വിപണി വിലയേക്കാൾ വളരെ കുറവുണ്ടായി. സ്വകാര്യ ഭൂമി സര്‍ക്കാര്‍ വകയെന്ന് രേഖപ്പെടുത്തി വില നിശ്ചയിക്കാത്തതുള്പ്പെടെ ന്യായവില സംബന്ധിച്ച് പരാതി പ്രളയമാണുള്ളത്. ഇത് പരിഹരിക്കാനാണ് 16 വർഷത്തിനുശേഷം ന്യായവില പുനർനിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്.
ന്യായവില നിശ്ചയിക്കേണ്ടത് റവന്യൂ വകുപ്പാണെങ്കിലും ന്യായവിലയില്‍ ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നത് രജിസ്ട്രേഷന് വകുപ്പാണ്. റവന്യൂ, രജിസ്ട്രേഷന് വകുപ്പുകള്‍ തമ്മിലെ ചേരിപ്പോരും ഇക്കാര്യത്തിൽ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ന്യായവില നിശ്ചയിക്കാനുള്ള അധികാരം ആര്.ഡി.ഒക്കാണ്. എന്നാല്‍, പ്രശ്നം പരിഹരിക്കാന്‍ താല്‍ക്കാലികമായി ജില്ല രജിസ്ട്രാർമാർക്ക് അധികാരം നല്‍കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. ഭൂമികൈമാറ്റം വന്‍തോതില്‍ കൂടിയതോടെയാണ് ന്യായവിലയില്‍ വ്യാപക പരാതികളുണ്ടായത്.
എന്നാല്‍, ഓരോ കാലത്തും ന്യായവില ശതമാനം കണക്കാക്കി ഉയര്‍ത്തിയതല്ലാതെ പരിഷ്കരിക്കാനോ പൊളിച്ചെഴുതാനോ കഴിഞ്ഞില്ല. അന്യായവില കാരണം ഭൂമി കൈമാറ്റം നടക്കാതെ പ്രതിസന്ധിയിലായവരുണ്ട്. ഉയര്‍ന്ന വിപണി വിലയുള്ള ഭൂമി, ന്യായവിലയിലെ കുറവിന്റെ പേരിൽ കുറഞ്ഞ നിരക്കില്‍ കൈമാറ്റം രജിസ്റ്റര്‍ ചെയ്ത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തുന്നതും പതിവാണ്. ഇത് സർക്കാറിനും വലിയ നഷ്ടമുണ്ടാക്കുന്നു.
ഭൂമിയുടെ ക്ലാസിഫിക്കേഷൻ ഇപ്പോഴും 16 വർഷം മുമ്പുള്ള അവസ്ഥയിലാണ്. അതായത്, 2010ലെ ന്യായവില പട്ടികയിൽ ഗതാഗത സൗകര്യമില്ലാത്ത വസ്തുവിന് ഒരുലക്ഷം രൂപ വില നിശ്ചയിച്ചത് നിലവിൽ 2,64,000 രൂപയാണ്. സർക്കാർ ന്യായവില കൂട്ടിയിട്ടും ക്ലാസിഫിക്കേഷൻ ഇപ്പോഴും വാഹന ഗതാഗത സൗകര്യമില്ലെന്ന പട്ടികയിലാണ്. ഇത്തരം ഭൂമിയില്‍ റോഡുള്ളതായി ആധാരത്തില്‍ പറഞ്ഞാല്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തെ റോഡിനുള്ള വസ്തുവിന് നിശ്ചയിച്ച ന്യായമല്ലാത്ത വിലയെ അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അങ്ങനെ നൂറുകണക്കിന് ആധാരങ്ങള്‍ക്ക് അണ്ടര്‍ വാല്യുവേഷന് നോട്ടീസും ഭൂവുടമകള്‍ക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.