സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ശബരിമലയിലേക്ക്​ പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട്​ തിരുകിവെച്ചയാൾ അറസ്റ്റിൽ. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ്​ അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാൻഡ്​ ചെയ്തു.

കഴിഞ്ഞ ആറിന്​ പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്​പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ്​ 500ന്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത്​ കള്ളനോട്ടാണെന്ന്​ കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിചേർത്തു. പ്രാഥമിക അന്വേഷണത്തിൽ വിനോദിന്​ കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന്​​ വ്യക്​തമായതോടെ കേസ്​ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

എരോൽ വിനോദും കിഷോർ കുമാറും ഉൾപ്പെട്ട സംഘം ശബരിമലയിൽ​ പോയി തിരിച്ചുവന്നശേഷമാണ്​ മൊബൈൽ കടയിൽ നോട്ട്​ നൽകിയത്​ എന്ന്​ മനസ്സിലാക്കിയ പൊലീസ്​ സംഘം വിനോദിനൊപ്പം ശബരിമലക്ക്​ പോയവരെക്കുറിച്ച്​ അന്വേഷണം നടത്തി. ഇതിനിടയിലാണ് പൊലീസിന്​ രഹസ്യ വിവരം ലഭിക്കുന്നത്​. നാലുമാസം മുമ്പ്​ മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽനിന്ന്​ 500ന്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ അറസ്റ്റിലായ മല്ലം സ്വദേശിയായ വിനോദിന്റെ സഹോദരീ ഭർത്താവാണ് എരോലിലെ വിനോദിനൊപ്പം ശബരിമലയിലേക്ക് പോയ കിഷോർ കുമാർ എന്ന വിവരമായിരുന്നു ലഭിച്ചത്.

ഇതിന്റെ ചുവടുപിടിച്ച്​ പമ്പയിൽ ഇവർ താമസിച്ച സ്ഥലങ്ങൾ പരിശോധിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കിഷോർ കുമാർ, വിനോദിന്റെ ഇരുമുടിക്കെട്ടിൽ താൻ കള്ളനോട്ട്​ തിരുകിയതായി പറഞ്ഞത്. വിനോദിന്റെ ഭാണ്ഡക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടിൽ ഏഴ് 500ന്റെ കള്ളനോട്ടുകൾ തിരുകിക്കയറ്റി ഒറിജിനൽ എടുക്കുകയായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.

കിഷോറിന്റെ വീട്ടിലും വിനോദിന്റെ മല്ലത്തെ വീട്ടിലും പരിശോധന നടത്തി. മല്ലത്തെ വിനോദിന്റെ വീട്ടിലെ കക്കൂസ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ ടാങ്കിൽ ദ്രവിച്ച് തുടങ്ങിയ പ്രിന്റിങ്​ മെഷീന്റെ ഭാഗങ്ങൾ കണ്ടെടുത്തു.

Tags:    
News Summary - man arrested for fake note at Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.