പത്ത് വയസുള്ള മകനെ മറയാക്കി എം.ഡി.എം.എ വിൽപന; ബാലനീതി നിയമപ്രകാരം കേസെടുത്തു

തിരുവല്ല: പത്ത് വയസുകാരനായ മകനെ മറയാക്കി എം.ഡി.എം.എ വിൽപന നടത്തിയ സംഭവത്തില്‍ റിമാൻഡിലായ തിരുവല്ല സ്വദേശിക്കെതിരെ ബാലനീതി നിയമപ്രകാരവും കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. പ്രതിയുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം വൈകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുശേഖരണത്തിന് വേണ്ടി കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് നടപടി.

എറണാകുളത്തുനിന്ന് എത്തിക്കുന്ന എം.ഡി.എം.എ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പാക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളജ്, മെഡിക്കൽ കോളജ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ഡിവൈഎസ്.പി എസ്. അർഷാദ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി പ്രതി ജില്ല ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അരികിലേക്ക് മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് എത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി.

കുട്ടിയുമായാണ് ഇയാൾ കാറിലോ ബൈക്കിലോ വില്‍പ്പനയ്ക്കുപോയിരുന്നത്. പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. 

Tags:    
News Summary - Man accused of selling MDMA under guise of 10-year-old son; case registered under Juvenile Justice Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.