മലപ്പുറം: 185ാമത് മമ്പുറം ആണ്ട് നേർച്ചക്ക് നാളെ തുടക്കമാവുമെന്ന് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ നദ്വി അറിയിച്ചു. ജൂലൈ 19 മുതൽ 26 വരെയാണ് പരിപാടികൾ. 19ാം നൂറ്റാണ്ടിലെ നവോഥാന നായകനും അധസ്ഥിതരുടെ അവകാശസംരക്ഷകനുമായിരുന്നു ഖുത്ത്ബുസ്സമാൻ മമ്പുറം അലവി മൗലദ്ദവീല തങ്ങൾ. അദ്ദേഹത്തെ അനുസ്മരിക്കുന്ന ആണ്ടുനേർച്ചയോടനുബന്ധിച്ച് ജൂലൈ 23 ന് ‘മമ്പുറം തങ്ങളുടെ ലോകം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ നടക്കും.
മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും എന്ന വിഷയത്തിൽ മദ്രാസ് ഐ.ഐ.ടിയിലെ പ്രഫ. ആർ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രഫ. ഡോ. ശിവദാസൻ, ഇസ്തംബൂൾ യൂനിവേഴ്സിറ്റി ഗവേഷകൻ ഡോ. മുസ്തഫ ഹുദവി, ഡോ. മോയിൻ ഹുദവി തുടങ്ങിയവർ വിഷയം അവതരിപ്പിക്കും. ഫദൽ പൂക്കോയ തങ്ങളെ കുറിച്ച പുസ്തകപ്രകാശനവും സെമിനാറിൽ നടക്കും. വിശദവിവരങ്ങൾക്ക് www.dhiu.in സന്ദർശിക്കാം.
19ന് വൈകുന്നേരം അഹമ്മദ് ജിഫ്രിതങ്ങൾ മമ്പുറം പതാക ഉയർത്തും.മജിലിസുന്നൂർ, മമ്പുറം സ്വലാത്ത്, മതപ്രഭാഷണം, ഹിഫ്ള് സനദദാന സമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.വാർത്തസമ്മേളനത്തിൽ യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, സി.കെ. മുഹമ്മദ് ഹാജി പുകയൂർ, ഹംസഹാജി മൂന്നിയൂർ, കബീർ ഹാജി ഓമച്ചപ്പുഴ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.