കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ആകാശത്തുവെച്ച് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി യുവാവ് അറസ്റ്റിൽ

കൊച്ചി: മലേഷ്യയിൽനിന്ന് കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ആകാശത്തുവെച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ജംഷീർ (36) എന്ന യുവാവാണ് അറസ്റ്റിലായത്.

വിമാനത്തിന്റെ വിൻഡോ പാനൽ കേടുവരുത്തുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇയാളെ മറ്റു യാത്രക്കാർ തടഞ്ഞതിനാൽ വൻ അ‌പകടം ഒഴിവായി. ബുധനാഴ്ച രാത്രി ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ഇരിപ്പിടത്തിനോട് ചേർന്ന വിൻഡോയുടെ പാനലാണ് ജംഷീർ തകർത്തത്.

വിൻഡോക്ക് പല പാളികൾ ഉള്ളതിനാൽ അ‌പകടമുണ്ടായില്ല. തുടർന്ന് ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സഹയാത്രികർ യുവാവിനെ തടഞ്ഞുവെച്ചത്. ലാൻഡിങ്ങിന് അര മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് യുവാവിന്റെ പരാക്രമം. രാത്രി 9.30നും 11.05നും ഇടയിൽ വിമാനം പറക്കുന്നതിനിടെയായിരുന്നു സംഭവം. ഒഡി 231 നമ്പർ വിമാനത്തിലെ സീറ്റ് നമ്പർ 12 എയിൽ യാത്ര ചെയ്യുകയായിരുന്നു ജംഷീർ. പെട്ടെന്ന് ഇയാൾ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും എമർജൻസി വിൻഡോ പാനൽ അടിച്ചു തകർക്കുകയുമായിരുന്നു എന്ന് നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.

Full View

ഇത് തടയാൻ ശ്രമിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ക്യാബിൻ ക്രൂവും സഹയാത്രികരും ചേർന്നാണ് ഇയാളെ തടഞ്ഞുവെച്ചത്. പിന്നീട് സി.ഐ.എസ്.എഫിനെ ഏൽപിച്ചു. വിമാനത്തിനുള്ളിൽനിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ-ചാർജ് ബിന്ദു മോഹൻ നായർ പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണന്നും പശ്ചാത്തലമടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Malayali youth arrested for trying to open plane door mid-air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.