ബ്രിട്ടനില്‍ മലയാളി യുവതിയും രണ്ടു മക്കളും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ


കണ്ണൂർ സ്വദേശിയായ ഭര്‍ത്താവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി യുവതിയും രണ്ടു മക്കളും അതിദാരുണമായി കൊല്ലപ്പെട്ടു. കണ്ണൂർ ഇരിക്കൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചേലേവാലയില്‍ സാജുവിന്റെ ഭാര്യ കോട്ടയം വൈക്കം മറവന്തുരുത്ത് കുലശേഖരപുരം സ്വദേശിനിയും കെറ്ററിങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമായ അഞ്ജു (40), മകന്‍ ജീവ (ആറ്), മകള്‍ ജാന്‍വി (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് സാജുവിനെ (52) ബ്രിട്ടീഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെയും കുട്ടികളെയും സാജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒരു വര്‍ഷം മുമ്പാണ് കെറ്ററിങ്ങില്‍ ഇവർ താമസം തുടങ്ങിയത്.

കഴിഞ്ഞ ദിവസം അഞ്ജുവിനെ ഫോണിൽ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാർ ബ്രിട്ടനിലെ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഇന്ത്യൻസമയം രാവിലെ 11.30ഓടെ ഇവര്‍ വീട്ടില്‍ പോയപ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് 12ഓടെ വന്‍ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി വീടിന്റെ മേൽക്കൂര നീക്കിയാണ് അകത്തുകയറിയത്.

അഞ്ജു കൊല്ലപ്പെട്ട നിലയിലും കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചോരയില്‍ കുളിച്ചുകിടക്കുകയുമായിരുന്നു. എയര്‍ ആംബുലന്‍സില്‍ കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സാജുവിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായിരുന്ന സാജുവും കുടുംബവും ഏറെക്കാലം സൗദി അറേബ്യയിലായിരുന്നു. കെറ്ററിങ് ജനറല്‍ ആശുപത്രിയിൽ നഴ്‌സായി അഞ്ജുവിന് ജോലി ലഭിച്ചതോടെയാണ് കുടുംബസമേതം അവിടെയെത്തിയത്. ഫുഡ് ഡെലിവറി ബോയ് ആയാണ് സാജു ജോലിചെയ്തിരുന്നത്. കൊലപാതക കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. അറക്കൽ അശോകന്റെ മകളാണ് അഞ്ജു. സഹോദരി: അശ്വതി.

Tags:    
News Summary - Malayali nurse and two children killed in UK; Husband in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.