അമൽ ജീവിതപങ്കാളി കുമിക്കോയോടൊപ്പം

ടോക്യോയിലെ മലയാളിജീവിതം

അഞ്ചുവർഷമായി ജപ്പാനിൽ കഴിയുന്ന എഴുത്തുകാരനും ചിത്രകാരനുമായ അമൽ ടോക്യോ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

അമൽ /മുഖ്​താർ ഉദരംപോയിൽ

...................................................................

ഭാവിയിലെ ജനസമൂഹം അന്നത്തെ ജീവിതമൊക്കെ എന്താണെന്ന് അറിയാൻ ഇന്നത്തെ ടോക്യോ ജീവിതം നോക്കിയാൽതന്നെ മതിയാകുമെന്ന് തോന്നാറുണ്ട്. അത്രയധികം കോസ്‌മോപൊളിറ്റൻ ഫ്യൂച്ചറിസ്​റ്റിക് സിറ്റിയാണ് ടോക്യോ. ഇവിടെ എന്തും എനിക്ക് അത്ഭുതം ആയതുകൊണ്ടായിരിക്കാം അങ്ങനെ ചിന്തിച്ചത്. ഇത്രയും കാലം പക്കാ ലോക്കൽ ഗ്രാമീണജീവിതം നയിച്ച എനിക്ക് അത്തരമൊരു പരിതസ്ഥിതിയോട് ഇണങ്ങാൻ സാധിക്കില്ല. അനുഭവിക്കുക, അനുഭവങ്ങൾ നേടുക, മറ്റുള്ളവരുടെ അനുഭവങ്ങൾ വീക്ഷിക്കുക ഇതൊക്കെ ചെയ്യാം എന്നു മാത്രം. അതൊക്കെയാണ് ഏറ്റവും വലിയ നേട്ടം, ഭാഗ്യം. ജീവിതാവസ്ഥകളുടെ ഒരു എക്സ്​റ്റൻഷൻ ആണ് എന്നുതോന്നുന്നു ടോക്യോ.

മുമ്പ്​ ഒരിടത്ത് എഴുതിയതുപോലെ ജപ്പാൻ എന്ന മഹാസമുദ്രത്തിലേക്ക് വഴിതെറ്റി നീന്തിയെത്തിയ ഒരു പരൽമീൻ മാത്രമാണ് ഞാൻ. ജപ്പാന് ജപ്പാ​െൻറ വഴി, എനിക്ക് എ​െൻറ വഴി. നമുക്ക് ഒരിക്കലും ഇഴുകിച്ചേരാൻ ആകില്ല. എന്നാൽ, ശല്യങ്ങളോ പ്രയാസങ്ങളോ കൂടാതെ നമ്മുടേതായ ഒരു ഇടത്ത് ജീവിക്കാൻ സാധിക്കും. അതും വലിയ കാര്യമാണ്. യാത്രാവിവരണമോ അനുഭവമോ ഒക്കെ എഴുതാൻ ആണെങ്കിൽ അത് ധാരാളം. അതൊക്കെ തൽക്കാലം താൽപര്യം ഇല്ലാത്ത മേഖലകളുമാണ്.

ജപ്പാനിലെ ഓണം

ഒന്നും അങ്ങനെ ആഘോഷിക്കുന്ന പതിവില്ല, ഓണവും അതുപോലെ തന്നെ. അഞ്ച് വർഷമായി ഇവിടെ എത്തിയിട്ട്. അത്രതന്നെ വർഷമായി ഓണം എന്താണെന്ന് പോലും അറിയാതെ ആയിട്ട്. ഇവിടെ നിഹോൻ കൈരളി എന്ന വളരെ മനോഹരമായ ഒരു മലയാളി സംഘടന ഉണ്ട്. അതിമനോഹരമായ ഓണാഘോഷങ്ങളും മറ്റും എല്ലാ വർഷവും നടത്താറുണ്ട്. അതി​െൻറ വാർത്തകളും ചിത്രങ്ങളും എല്ലാം കണ്ടിട്ടുണ്ട്. അതിൽ ഇതുവരെ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ കൊറോണ ആയതിനാൽ ഇവിടെയും നാട്ടിലും വീട്ടിലും ഒന്നും പതിവുപോലെ ഓണം വലിയ ആഘോഷമായി ഉണ്ടാവില്ല എന്നു തോന്നുന്നു.

മലയാള ജീവിതം

നമുക്ക് എഴുത്തു ജീവിതം എന്ന് പറയുന്നത് നാടും നാട്ടുകാരുമായുള്ള നിരന്തര ബന്ധവും സജീവ സാഹിത്യ ചർച്ചകളും പുസ്തകപ്രകാശനങ്ങളും എല്ലായിടത്തും പ്രത്യക്ഷപ്പെടലും ഒക്കെയാണ്. ഇവിടെ പുസ്തക ചർച്ചകളും പ്രകാശനങ്ങളും കേട്ടുകേൾവി പോലുമില്ല. എഴുത്തുകാരൊക്കെ ഏതോ നാട്ടിൽ അജ്ഞാത ജീവിതത്തിലാണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറേ ഇല്ല. അവർ അവരുടെ ജോലി ചെയ്ത് അവരുടെ സ്വകാര്യതയിൽ എങ്ങോ ജീവിക്കുന്നു. നമുക്ക് അങ്ങനെ ഒന്നും സാധിക്കില്ല. മാറി നിൽക്കുന്നവനെ മറന്നുകളയുന്നവരാണ് നാം. നാടുമായും സമൂഹവുമായും ഉള്ള ബന്ധമാണ് നമുക്ക് എഴുത്തും സാഹിത്യവും. അതാണ് ഞാനും ശരി​െവക്കുന്നത്. അതാണ് വേണ്ടത്. അതുകൊണ്ടുതന്നെ വളരെയധികം നാടുമായി അടുത്തു നിൽക്കാൻ ശ്രമിക്കുന്നു. എല്ലാ എഴുത്തുകാരുടെയും കഥകൾ തേടിപ്പിടിച്ച് വായിക്കുന്നു. നാടുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു.

കൊറോണ വരുന്നതിന് മുമ്പ് ഇടക്കിടെ ഞാൻ നാട്ടിലേക്ക് ഓടി വരുമായിരുന്നു. ഈ ഭീകര നഗരം, അവിടത്തെ യാന്ത്രിക ജീവിതം ഒന്നും നമുക്ക് ഇണങ്ങുന്നതല്ല. യാത്ര നിയന്ത്രണങ്ങളും കോവിഡ് വിലക്കുകളും ഒക്കെ വന്നത് കാരണം ഇപ്പോൾ അതിന് സാധിക്കുന്നില്ല. പക്ഷേ, ഈയൊരു കാലത്തിൽ ഗൂഗ്​ൾ മീറ്റ് പോലെയുള്ള പുതിയ മാധ്യമങ്ങളിലൂടെ എല്ലാവരും വളരെ അകലെ ഇരുന്നുകൊണ്ട് സാഹിത്യ ചർച്ചകളും മറ്റും മറ്റും ചെയ്യുന്ന സാഹചര്യമാണ്. പിന്നെ സമൂഹമാധ്യമത്തിലൂടെയാണ് എല്ലാവരും പരസ്പരം ബന്ധപ്പെടുന്നത്. ഇവിടെ വന്നശേഷം ഫേസ്ബുക്ക് ഉപയോഗം കൂടി എന്നത് സത്യമാണ്.

നാട്ടിൽ എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള അതിയായ ആകാംക്ഷ അധികമായി. ഓൺലൈൻ വാർത്തകളും പത്രങ്ങളും യൂട്യൂബ് വിഡിയോകളും എല്ലാം നിരന്തരം കാണുന്നു. അതുകൊണ്ടുതന്നെ ആ രീതിയിൽ ഒരു അകലം അനുഭവപ്പെടുന്നില്ല. എല്ലാവരും സമൂഹജീവിതം റദ്ദ് ചെയ്യപ്പെട്ട നിലയിലല്ലേ. പുറത്തിറങ്ങാനാവാതെ മുറിയിലും വീട്ടിലും ഒതുങ്ങിപ്പോയ അവസ്ഥയിൽ അല്ലേ എല്ലാവരും. ഈ കൊറോണ സാഹചര്യം അവിടെ വരുന്നതിനു മുമ്പേ ഞാൻ ഇവിടെ നിരന്തര സമ്പർക്ക വിലക്കിൽ (സമൂഹ ബന്ധമില്ലാതെ മുറിയിൽ ജീവിതം) ആണല്ലോ...

കുമിക്കോ വായിക്കാത്ത കഥകൾ

കുമിക്കോ ശാന്തിനികേതനിൽ ഒരുമിച്ച് പഠിച്ചതാണ്. അവർക്ക് കസായ് എന്ന പട്ടണത്തിൽ ഒരു പരമ്പരാഗത സ്​റ്റോൺ ഷോപ്പുണ്ട്. മാതാപിതാക്കളും ചേച്ചിമാരും ഒക്കെത്തന്നെയാണ് ജീവനക്കാർ. കലാപ്രവർത്തനം തുടരാൻ ഇഷ്​ടപ്പെട്ടിരുന്ന കുമിക്കോക്ക് ആദ്യമൊന്നും അവിടെ ചേർന്ന് ജോലി ചെയ്യാൻ ഇഷ്​ടമില്ലാതിരുന്നു. പക്ഷേ, ഒടുവിൽ കലാപ്രവർത്തനം വിട്ട് അവിടെത്തന്നെ ചേർന്ന് ജോലി ചെയ്ത് വരുകയാണ്.

ഞാൻ എഴുതുന്നത് കുമിക്കോക്ക് അറിയാം. പുസ്തകമെല്ലാം കണ്ടിട്ടുണ്ട്. പക്ഷേ, ഒരു വരി പോലും വായിച്ചിട്ടില്ല. കാണാൻ നൂഡിൽസ് പോലെ ഇരിക്കുന്ന മലയാളം പഠിക്കാൻ പാടാണത്രേ. ഓഹോ. കാണാൻ ചൈനീസ് തന്നെയായ ജപ്പാനീസ് അതിലും പാടാ പഠിക്കാൻ എനിക്കും മനസ്സില്ലെന്ന് ഞാനും പറഞ്ഞു. നമ്മ മലയാളം താൻ ഉലകമൊഴി.

പുസ്തകങ്ങളിലെ നാട്ടിലെ കഥകൾ പറഞ്ഞുകൊടുത്തിട്ടില്ല. ആരെങ്കിലും നമ്മ കഥ പരിഭാഷപ്പെടുത്തിയെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, ജപ്പാൻ വിഷയമാക്കി എഴുതിയപ്പോൾ ഇന്നതാണ് കഥ എന്ന് പറഞ്ഞു കൊടുത്തു. 'ഈനു'കഥയുടെ അവസാന ഭാഗത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. കെനിയാ സാൻ കഥയോടും അത്ര താൽപര്യം കാണിച്ചില്ല. സക്കാന എഴുതിയതിൽ കഥാപാത്രമാക്കിയതിൽ നിരാശയും വ്യക്തമാക്കി. പക്ഷേ, കെനിയാസാൻ പുസ്തകം കണ്ടപ്പോൾ ഡിസൈനും പ്രൊഡക്​ഷനും ഒക്കെ ഇഷ്​ടമായെന്ന് പറഞ്ഞു. മലയാളം വായിക്കാനാവാത്തത് ഭാഗ്യമായി എന്ന് തോന്നുന്നു.

മനസ്സുനിറയെ മലയാളം

ജപ്പാൻ ഭാഷാ പഠനം നടത്തിയിട്ടുണ്ടെങ്കിലും ഞാൻ അധികമൊന്നും പഠിച്ചില്ല. മനസ്സുനിറയെ മലയാളമാണ്. പിന്നെ അൽപ നേരം കിട്ടിയാൽ മലയാള കഥയോ നോവലോ വായിക്കലും സിനിമകളെല്ലാം തൂത്തുവാരി കാണലും ലേശം മലയാളത്തിലെഴുത്തുമാണ്. അല്ലാതെ ജപ്പാനീസ് ഗ്രാമർ വായന അല്ല ചെയ്യുക. എഴുതിയ നാല് ഭാഷാപ്രാവീണ്യ പരീക്ഷയും പതിനാറ് നിലയിൽ പൊട്ടി. ജപ്പാനീസ് പുസ്തകങ്ങൾ ഇംഗ്ലീഷ് പരിഭാഷകൾ തേടിപ്പിടിച്ച് വാങ്ങിവെക്കുന്നുണ്ട്. പതിയെ ഓരോന്നും വായിക്കുന്നു. ഇംഗ്ലീഷ് പരിഭാഷ ചെയ്യപ്പെട്ട സമകാലിക ജപ്പാനീസ്​ എഴുത്തുകാരെ വായിക്കുന്നു എന്നല്ലാതെ അതിനപ്പുറമുള്ള ഇവിടത്തെ എഴുത്തു ലോകത്തെപ്പറ്റി അറിയില്ല. എല്ലാ പ്രായക്കാർക്കുമുള്ള എല്ലാത്തരം പുസ്തകങ്ങളും പുസ്തകശാലകളിൽ ശാഖ തിരിച്ച് കാണാം. കൗമാരക്കാരെ ലക്ഷ്യം​െവച്ചുള്ള ടീനേജ് റൊമാൻസ് ബുക്കുകളും പത്തും ഇരുപതും ഭാഗങ്ങളായാണ് വരുക. ട്രെയിനിലൊക്കെ നിന്ന് വായിക്കുന്നത് കാണാം. തിരക്കുള്ള വഴിയിലിരുന്നും നടന്നും വായിക്കാനും ആർക്കും സങ്കോചമില്ല. പിന്നെ സെൽഫ് ഹെൽപ്, ക്രൈം, ബിസിനസ് പുസ്തകങ്ങൾക്കാണ് വൻ വിപണി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പുസ്തകശാലകളിൽ അത്തരം പുസ്തകങ്ങൾ വൻ പ്രാധാന്യം നൽകി പ്രദർശിപ്പിച്ചു വെക്കുന്നത് സ്ഥിരം കാഴ്ചയാണ്.

പിന്നെ അതിവിപുലമായ മാങ്ക -അനിമേ കോമിക്‌സ് സംസ്‌കാരം ഉണ്ട്. സാഹിത്യത്തെക്കാൾ ജപ്പാനീസ് സംസ്‌കാരത്തിൽ വമ്പൻ സ്വാധീനമുണ്ട് അവക്ക്. പല പ്രശസ്ത കോമിക് ബുക്കും സിനിമകളായി കണ്ടിട്ടുണ്ട്. ട്രെയിനിലൊക്കെ പോകുമ്പോൾ അപ്പൂപ്പന്മാരൊക്കെ അനി​​േമ -കോമിക് ബുക്‌സ് വായിക്കുന്നത് കണ്ട് കിളി പോയിട്ടുണ്ട്. എന്തിന് ഇഷ്​ട കഥാപാത്രങ്ങളുടെ വേഷമിട്ടും ഗാഡ്ജറ്റുകൾ കൊണ്ട് അടിമുടി മൂടിയും കൂളായി നടന്നു പോകുന്നവരെയും കാണാം. അടിമുടി അമേരിക്കാവത്കരണം നടന്നു കഴിഞ്ഞ ഒരു സംസ്‌കാരമാണ് ടോക്യോയിൽ ഉള്ളത്.

Tags:    
News Summary - Malayalee life in Tokyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT