സിമി ബന്ധം; വിചാരണ തടവുകാർ നിരാഹാര സമരത്തിലെന്ന്​ ബന്ധുക്കൾ

സിമി ബന്ധം ആരോപിക്കപ്പെട്ട് ഭോപ്പാൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാർ നിരാഹാര സമരത്തിലെന്ന്​ ബന്ധുക്കൾ. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് പി.എസ് അബ്ദുൽ കരീമാണ്​ ഇക്കാര്യം അറിയിച്ചത്​. ശിബിലി, ശാദുലി, മുഹമ്മദ് അൻസാർ തുടങ്ങി ഏഴ്​ പ്രതികളാണ് ഭോപ്പാൽ ജയിലിൽ 2016 മുതൽ ഏകാന്ത തടവിൽ കഴിയുന്നത്. 2008ലെ അഹമ്മദാബാദ് സ്ഫോടന കേസിൽ പ്രതികളാണിവർ.


2016 മുതലുള്ള ഏകാന്തത്തടവ് അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ്​ തടവുകാർ പ്രതിഷേധിക്കുന്നത്​. 24 മണിക്കൂറും ഏകാന്ത സെല്ലുകളില്‍ കഴിയുന്ന ഇവര്‍ക്ക് ദിനപ്പത്രം, പുസ്തകങ്ങള്‍, എഴുത്ത് സാമഗ്രികള്‍, വെള്ളിയാഴ്ച നമസ്‌കാരം തുടങ്ങി സാധാരണ തടവുകാര്‍ക്ക് അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യാനോ കത്തയക്കാന്‍ പോലുമോ അനുവാദമില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2017ല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാർ അനുഭവിക്കുന്ന ശാരീരിക പീഡനവും മാനസിക പീഡനവും നേരിട്ട് മനസ്സിലാക്കുകയും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ചുമത്തിയ ജയില്‍ അവസ്ഥയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു. കമ്മീഷന്‍ തടവുകാരുടെ മൗലികാവകാശം ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ ശുപാര്‍ശ ചെയ്​തെങ്കിലും അവയൊന്നും നടപ്പായില്ല. പത്രവാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ജയിലധികൃതര്‍ക്ക് കാരണം കാണിക്കല്‍നോട്ടീസ് അയച്ചിരുന്നു.


ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തിന്‍റെ അടിസ്ഥാനത്തില്‍ നിരാഹാരസമരം പിന്‍വലിച്ചു. എന്നാല്‍ ദുര്‍ബലമായ കാരണം ചൂണ്ടിക്കാട്ടി ആവശ്യങ്ങള്‍ അനുവദിക്കാന്‍ ജയില്‍ ഭരണകൂടം വീണ്ടും വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ജനുവരി പതിനാല് മുതല്‍ നിരാഹാരസമരം പുനഃരാരംഭിച്ചത്. സമരക്കാര്‍ അവശനിലയിലായതിനെത്തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബന്ധുക്കൾ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.