വയല്‍ നികത്തല്‍: എല്‍.ഡി.എഫിന്‍െറ കരടിലും അട്ടിമറി


തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ വിവാദമായ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമ ഭേദഗതി പിന്‍വലിക്കാന്‍ എല്‍.ഡി.എഫ് തയാറാക്കിയ ഭേദഗതി (കരട്)യിലും അട്ടിമറി. അനധികൃത നെല്‍വയല്‍ നികത്തല്‍ സാധൂകരിക്കുന്നതിന് ന്യായവിലയുടെ 25 ശതമാനം തുക അടയ്ക്കാന്‍ അനുവദിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി കരടില്‍ ഒഴിവാക്കുന്നുണ്ട്.

എന്നാല്‍, ഭേദഗതി നിലവില്‍ വരുന്നതിനു മുമ്പ് പ്രധാന നിയമത്തിന് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കില്ല. അക്കാലത്ത് നടന്ന നിയമനടപടികളും പരിഹാരവും കരടില്‍ സാധൂകരിക്കുന്നുണ്ട്. ഇത് ഈ രൂപത്തില്‍ നിയമസഭ അംഗീകരിച്ചാല്‍ കേരളത്തിലെ നെല്‍വയലുകള്‍ ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭേദഗതി നടപ്പാക്കിയാല്‍ വയല്‍ നികത്താന്‍ അപേക്ഷിച്ചവര്‍ക്കെല്ലാം ഇളവ് നല്‍കേണ്ടിവരും. വന്‍കിടക്കാര്‍ക്കായി ഭേദഗതിയില്‍ വെള്ളം ചേര്‍ത്തതോടെയാണ് ഏതാണ്ട് 93000 ത്തോളം അപേക്ഷകര്‍ക്കും ഇളവ് കിട്ടുന്നത്. നിലവില്‍ തീര്‍പ്പുകല്‍പ്പിച്ച കേസുകള്‍ മാത്രം ഒഴിവാക്കണമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ നിയമം കൂടുതല്‍ ശക്തമാകുമായിരുന്നു. മൂന്ന്(എ) പിന്‍വലിക്കുമ്പോഴും അതു പ്രകാരം തുടങ്ങിയ നടപടികളും അപേക്ഷ നല്‍കിയവരുടെ അവകാശവും നിലനിര്‍ത്തുകയാണ്.

യു.ഡി.എഫ് പാസാക്കിയ ഭേദഗതി അനുസരിച്ച് നെല്‍വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍, ആര്‍.ഡി.ഒ, വില്ളേജ് ഓഫിസര്‍ തുടങ്ങിയവര്‍ നടപടികള്‍ തുടങ്ങിയിരുന്നു. അതെല്ലാം തുടരാമെന്നാണ് നിര്‍ദേശം. അതു സാധാരണക്കാര്‍ക്ക് ദോഷകരവും വന്‍കിടക്കാര്‍ക്ക് സഹായകരവുമാണ്. തുകപോലും അടയ്ക്കാതെ വന്‍കിടക്കാര്‍ക്ക് ഏക്കര്‍ കണക്കിന് നിലം കരഭൂമിയാക്കാനുള്ള അവസരമാവും ഇത് ഒരുക്കുക.
മൂന്നു മുതല്‍ 10വരെ സെന്‍റുള്ള സാധാരണക്കാര്‍ക്കുവേണ്ടിയാണ് ഭേദഗതിവരുത്തതെന്ന് മന്ത്രി പറയുമ്പോഴും ഇതു പ്രയോജനപ്പെടുത്തുക ഭൂമാഫിയസംഘങ്ങളായിരിക്കും. യു.ഡി.എഫ് കൊണ്ടുവന്ന ഭേദഗതിയിലൂടെ ന്യായവിലയുടെ 25 ശതമാനം തുകയെങ്കിലും സര്‍ക്കാറിന് ലഭിക്കുമായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം കരടിലുണ്ട്.

വയല്‍ നികത്താന്‍ ഇനി ആര്‍ക്കും പുതുതായി അപേക്ഷിക്കാനാകില്ല എന്നുള്ളത് മാത്രമാണ് തിരുത്ത് ഭേദഗതി കൊണ്ടുള്ള നേട്ടം. ഈമാസം രണ്ടിനാണ് കരട് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.
അതേസമയം, യു.ഡി.എഫ് സര്‍ക്കാര്‍ 2015 ജൂലൈ 27ന് നിയമസഭയില്‍ പാസാക്കിയ ധനബില്ലിലെ വ്യവസ്ഥകള്‍ പൂര്‍ണായും പിന്‍വലിക്കാനാണ് നിയമസഭയില്‍ ഭേദഗതി അവതരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ അഭിപ്രായം.  
ഫോട്ടോ- നിയമഭേദഗതി കരട്

Tags:    
News Summary - malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.