തിരുവനന്തപുരം: ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ഏജൻസിയായ ബാർക്കിലെ ജീവനക്കാരെ കോടികൾ കോഴ നൽകി മലയാളത്തിലെ ഒരു ചാനൽ സ്വാധീനിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ കേരള ടെലിവിഷൻ ഫെഡറേഷൻ (കെ.ടി.എഫ്) പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബർ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബാർക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനൽ തട്ടിപ്പ് നടത്തിയതെന്ന് ട്വന്റി ഫോർ ന്യൂസ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകൾ ചാനൽ പുറത്തുവിട്ടു. ബാർക്കിൽ തട്ടിപ്പ് നടത്താൻ കേരളത്തിലെ ഒരു ചാനൽ ഉടമ കോടികൾ കോഴ നൽകി എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ബാർക്ക് റേറ്റിങ്ങിൽ വൻ തട്ടിപ്പ് നടക്കുന്നതായി മീഡിയവൺ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ബാർക്കിൽ നിന്ന് മീഡിയവൺ പിന്മാറുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് ട്വന്റി ഫോർ ന്യൂസ് ചാനലും ബാർക്കിൽനിന്ന് പിന്മാറിയിരുന്നു.
കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും ബാർക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവി കൂടിയായ ശ്രീകണ്ഠൻ നായരുടെ പരാതി. ക്രിപ്റ്റോ കറൻസി വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തതത്രെ. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആരോപണവിധേയനായ ചാനൽ ഉടമയും തമ്മിൽ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോർ ചാനൽ പുറത്തുവിട്ടു.
ഇതോടൊപ്പം യൂട്യൂബ് വ്യൂവർഷിപ്പിൽ തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ആരോപണവിധേയനായ ചാനൽ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോർ ആരോപിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയതത്രെ.
ബാർക്ക് കണക്കുകളെക്കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെതുടർന്നായിരുന്നു ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക്കുമായുള്ള ബന്ധം മീഡിയവൺ വിച്ഛേദിച്ചത്. മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക്ക് അധികൃതർക്കായില്ല. ബാർക്കിന്റെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് പിന്മാറാൻ മീഡിയവൺ തീരുമാനിച്ചത്.
റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാർക്കിന്റെ പ്രധാന പ്രശ്നം. ആകെയുള്ള 86 ലക്ഷം ടിവികളിൽ ബാർക്ക് മീറ്ററുള്ളത് വെറും 1500 ൽ താഴെ മാത്രം ഇടങ്ങളിൽ. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിലല്ല.മാത്രമല്ല, ഈ മീറ്ററുകൾ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണമുണ്ട്.
കോടികൾ വാരിയെറിഞ്ഞ് ലാന്‍ഡിങ് പേജ് സെറ്റ് ചെയ്യുന്നത് മറ്റൊരു പ്രശ്നം. ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും എപ്പോഴും മുൻനിരയിലാണ് മീഡിയവൺ. കഴിഞ്ഞയാഴ്ചയിൽ മാത്രം ആകെ മൂന്ന് കോടി അറുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം കാഴ്ചക്കാർ. എന്നാൽ ബാർക്കിന്റെ പട്ടികയിൽ ഇതിന്റെ അടുത്തുപോലും വരുന്ന സ്ഥാനമില്ല. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ ബോധ്യം വരുന്ന ഈ അപാകം പരിഹരിക്കാൻ ബാർക്ക് തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബാർക്കുമായി ബന്ധം വിച്ഛേദിക്കാൻ മീഡിയവൺ തീരുമാനിച്ചതെന്ന് എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.
‘ഡിജിറ്റലിൽ ഞങ്ങൾ ഒന്നാം സ്ഥാനത്തായിരിക്കുമ്പോൾ ബാർക്കിൽ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട്. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാർക്ക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തിൽ നാലായിരം മുതൽ അയ്യായിരം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്. ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. മീഡിയവണിന് പതിനൊന്ന് വർഷം നീണ്ട അതിന്റെ പ്രവർത്തന ചരിത്രത്തിലൂടെ കൈവന്നിട്ടുള്ള അതിശക്തമായ പ്രേക്ഷകപിന്തുണയും വിശ്വാസ്യതയും ഉണ്ട്. ബാർക്കിന്റെ ചാർട്ട്കാണിച്ചാൽ പൊട്ടിപ്പോകുന്നതല്ല ഈ ചാനലും അതിന്റെ പ്രേക്ഷകരും തമ്മിലുള്ള മാധ്യമപ്രവർത്തനത്തിലെ നേരും നന്മയും മുൻനിർത്തിയുള്ള ഉടമ്പടി. അതിനേക്കാൾ വിലമതിക്കുന്നതല്ല ഏത് ഏജൻസിയുടെയും റേറ്റിങ്ങ് ചാർട്ട്. ബാർക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികൾ അതേ പ്ലാറ്റ്ഫോമിൽ നേരിട്ടും ഇ-മെയിൽ വഴിയും മീഡിയവൺ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകുന്ന തരത്തിലുള്ള നടപടി ബാർക്കിൽ നിന്നുണ്ടായിട്ടില്ല’ -മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.