തിരുവനന്തപുരം: കേരളത്തിലെ മുസ്ലിംകളിൽനിന്ന് മലയാള ലിപിയിലെഴുതിയ ആദ്യ ഗ്രന്ഥം കണ്ടെത്തി. അധ്യാപകനും ഗവേഷകനുമായ സഖരിയ തങ്ങളാണ് 1883ൽ പ്രസിദ്ധീകരിച്ച ‘യവാക്കിത്തുൽ ഫറായിൽ അഥവാ മുസൽമാൻദായശേറസംഗ്രഹം’ എന്ന ഗ്രന്ഥം കണ്ടെത്തിയത്. ശരീഅത്ത് ദായക്രമങ്ങളുടെ ക്രോഡീകരണമാണ് ഈ പുസ്തകം. ഗവേഷണത്തിെൻറ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇതിെൻറ ആദ്യകോപ്പികളിലൊന്ന് നിയമസഭാ ലൈബ്രറിയിൽനിന്ന് ലഭിച്ചതെന്ന് സഖരിയ തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഗ്രന്ഥത്തിെൻറ കവർ പേജിൽ വലിയ അക്ഷരത്തിൽ പ്രസിദ്ധീകരണവർഷം 1883 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ പൊന്നാനി താലൂക്കിൽ പൂളന്തറക്കൽ അമ്മതു മുസലിയാരാണ് ഗ്രന്ഥകർത്താവെന്നും മണലിൽ സെനുദ്ദീൻ മുസലിയാർ തങ്ങൾ പരിശോധിച്ച ഗ്രന്ഥമാണെന്നും ആദ്യപേജിൽ പറയുന്നു.
അക്കാലത്ത് കുന്നംകുളങ്ങരയെന്ന് അറിയപ്പെട്ടിരുന്ന കുന്നംകുളത്തെ വിദ്യാരത്നപ്രഭാ പ്രസിലാണ് അച്ചടിച്ചത്. മലബാറിൽനിന്ന് ഈ ഗ്രന്ഥത്തിെൻറ കോപ്പി എങ്ങനെ തിരുവിതാംകൂറിൽ എത്തിയെന്ന് അറിയില്ല. സി.എൻ. അഹ്മദ് മൗലവിയും കെ.കെ. മുഹമ്മദ് അബ്ദുൽ കരീമും (1978) ചേർന്നെഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത് മലയാള ലിപിയിലെ ആദ്യഗ്രന്ഥം 1884ലെ ‘കഠോരകഠാര’മാണ് എന്നാണ്.
കേരള ഉപകാരി മുതലായ ക്രൈസ്തവ മാസികയും പത്രങ്ങളും ഇസ്ലാമിനെയും നബിയെയും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ, അതിനെ പ്രതിരോധിക്കാൻ സനാഉല്ലാ മഖ്തിതങ്ങളാണ് ‘കഠോരകഠാരം’ രചിച്ചത്. ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് അദ്ദേഹം രചന നടത്തിയത്. 1885ൽ ‘പരോപകാരി’ എന്ന പേരിൽ മലയാളലിപിയിൽ ഒരു മാസികയും ആരംഭിച്ചു.
അതിന് മുമ്പ് പ്രസിദ്ധീകരിച്ചെന്ന് വ്യക്തമായതിനാലാണ് 1883ൽ പ്രസിദ്ധീകരിച്ച ‘യവാക്കിത്തുൽ ഫറായിൽ’ ഇൗ വിഭാഗത്തിലെ ആദ്യഗ്രന്ഥമായി വിലയിരുത്തേണ്ടിവരുന്നതെന്ന് സഖരിയ അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം ആർട്സ് കോളജിൽ ചരിത്രവിഭാഗം അസി. പ്രഫസറായ അദ്ദേഹം വിപുലമായ പഠനത്തോടെ ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കാര്യവട്ടം കാമ്പസിലെ ചരിത്രവിഭാഗത്തിൽ അധ്യാപകനായ ഡോ.പി. ജിനിമോെൻറ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.