sunahdos

മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സമ്മേളിച്ച എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു. കത്തോലിക്കാസഭയുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പ, കൽദായ സുറിയാനി സഭയുടെ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത, മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ എന്നിവരുടെ വേർപാടിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി. കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സുന്നഹദോസ് ആശംസകൾ നേർന്നു.

ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയെ അ​ദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന ചുമതലകളിലേക്ക് തിരികെ പ്രവേശിപ്പിക്കാൻ പരിശുദ്ധ സുന്നഹദോസ് തീരുമാനിച്ചു. സഭയുടെ വിവിധ സിനഡിക്കൽ കമ്മീഷനുകൾ, വൈദിക സെമിനാരികൾ, പരുമല സെമിനാരി, പരുമല ആശുപത്രി, മിഷൻ സൊസൈറ്റി, എക്യൂമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സഭയുടെ ബി- ഷെഡ്യൂളിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ 2024 -25 സാമ്പത്തിക വർഷത്തെ വരവ്- ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

വൈദിക ​ഗണത്തിന്റെ ഇടയശുശ്രൂഷ സഭയുടെ അടിസ്ഥാന പ്രമാണത്തിൽ ഉറച്ചുനിന്നുകൊണ്ട് കാലികമാക്കുന്നതിനുവേണ്ടി തയ്യാറാക്കിയ രൂപരേഖ പരിശുദ്ധ സുന്നഹദോസ് അം​ഗീകരിച്ചു. ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിന്റെയും സൗത്ത് വെസ്റ്റ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട സെന്റ്. ​ഗ്രി​ഗറി ആശ്രമത്തിന്റെയും നിയമാവലികൾക്ക് അം​ഗീകാരം നൽകി. മെത്രാസന - സഭാതലങ്ങളിൽ നടത്തുന്ന മിഷൻ- ചാരിറ്റി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പദ്ധതികൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു.

1977 മുതൽ 2025 വരെയുള്ള എപ്പിസ്ക്കോപ്പൽ സുന്നഹദോസുകളിലെ പ്രധാന തീരുമാനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റ പ്രകാശനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയമെത്രാപ്പോലീത്തയ്ക്ക് നൽകി കാതോലിക്കാ ബാവ നിർവഹിച്ചു.

എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. തോമസ് മാർ അത്താനാസിയോസ്, കുറിയാക്കോസ് മാർ ക്ലിമ്മീസ്, യൂഹാനോൻ മാർ മിലിത്തിയോസ്, സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാർ ധ്യാനയോ​ഗങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Malankara Orthodox Church Episcopal Synod concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.