‘ഇന്ധന വില വർധന അവിടെ നിന്നോ​ട്ടെ, സൗജന്യ യാത്ര നടപ്പാക്കണം’ -സമരവുമായി മഹിളാമോർച്ച

കോഴിക്കോട്: ഇന്ധന വില വർധനയുടെ വിഷയം അവിടെ നിൽക്കട്ടെയെന്നും യു.ഡി.എഫ് വാഗ്ദാനം ചെയ്ത സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഉടൻ നടപ്പാക്കണമെന്നും മഹിളാമോർച്ച. സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് മഹിളാമോർച്ച നേതാക്കളുടെ പ്രതികരണം. ലിറ്ററിന് മൂന്ന് രൂപ വീതം ​പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചതിനെതിരെ പ്രതിഷേധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ മഹിള മോർച്ച ഭാരവാഹികൾ ഒഴിഞ്ഞുമാറി.

മേയ് 15 മുതൽ സൗജന്യ യാത്ര എന്ന കെസി വേണുഗോപാളിന്റെ വാഗ്ദാനം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താണ് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് തുടങ്ങി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധിച്ചത്. ‘സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധം’ എന്ന പ്ലക്കാർഡുകൾ അടക്കം ഉയർത്തി മഹിളാമോർച്ച പ്രവർത്തകർ ബസ്സിൽ കയറിയിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൽപറ്റ സൂപ്പർഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധം അരങ്ങേറിയത്.

‘ഇനിയിപ്പോ ഇങ്ങനെയൊക്കെ പോകട്ടെ എന്നുള്ളതാണ് അവരുടെ ഉദ്ദേശമെങ്കിൽ അത് നടപ്പാക്കില്ല. സ്ത്രീകൾക്ക് കിട്ടേണ്ടത് കിട്ടണം. സൗജന്യയാത്ര പദ്ധതി മാത്രമല്ല, യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്ത എന്തെങ്കിലും നടപ്പിലാക്കുമോ എന്നുള്ളതാണ് ഇപ്പോൾ എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഏറെ നാൾ എടുത്തു. ഇനി മന്ത്രിമാർ ആരെന്ന് തുരുമാനിക്കാൻ ആറു മാസം എടുക്കുമായിരിക്കും. അതിനുശേഷം അവർ ഈ വാഗ്ദാനങ്ങളൊക്കെയും മറന്നുപോകും’ -പ്രതിഷേധക്കാർ പറഞ്ഞു.

‘സൗജന്യ യാത്ര തരണ​മെന്ന് ജനങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ടതാണോ? 15ാം തീയതി തരാം എന്ന് അവർ ഇങ്ങോട്ട് പറഞ്ഞതാണ്. 15ാം തീയതിയായി. ഞങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കി. അപ്പോൾ കെഎസ്ആർടിസിക്കാർ പറഞ്ഞു, അങ്ങനെ ഒരു അറിയിപ്പും അവർക്ക് കിട്ടിയിട്ടില്ല എന്ന്. ഇനി എല്ലാം അങ്ങനെയായിരിക്കും എന്നാണ് തോന്നുന്നത്’ -മഹിളാ മോർച്ച ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - mahila morcha free travel ksrtc protest fuel price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.