എസ്.എഫ്.ഐ നേതാവിന് ഒന്നാം സെമസ്റ്ററിൽ 100 മാർക്ക്‌ ; രണ്ടാം സെമസ്റ്ററിൽ പൂജ്യം, അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: മഹാരാജാസിലെ അഞ്ച് വർഷത്തെ പരീക്ഷനടത്തിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമിറ്റി ഗവർണർക്ക് നിവേദനം നൽകി. എസ്.എഫ്.ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയപ്പോൾ അത് രണ്ടാം സെമസ്റ്ററായപ്പോൾ പൂജ്യമായി കുറഞ്ഞുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്. ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം സെമസ്റ്ററിന്റെ ഇന്റേണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയിൽ പൂജ്യം മാർക്കായത്. മാർക്ക്‌ ലിസ്റ്റിൽ ഒരു വിഷയത്തിന് ആബ്സെന്റ് എന്നും രേഖപെടുത്തിയിട്ടുണ്ട്.

ഒരു വധശ്രമകേസിനെ തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈകോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു.

എൻ.ഐ.സിയുടെ സോഫ്റ്റ്‌വെയറിന്റെ തകരാർ കാരണം എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തി തന്നെ പാസ്സാക്കിയതായി ആർഷോ പൊലീസിൽ പരാതിപ്പെട്ടിരിക്കുമ്പോഴാണ് പുതിയ വിവാദം.

രണ്ടാം സെമസ്റ്ററിൽ എല്ലാവിഷയങ്ങൾക്കും പൂജ്യം മാർക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്നാണ് ആവശ്യം.

ഓട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക് ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Tags:    
News Summary - Maharajas college mark list issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.