കുടകിൽ മലപ്പുറം സ്വദേശിയുടെ കാർ തടഞ്ഞ് 50 ലക്ഷം തട്ടിയ കേസ്: അന്വേഷണം ഊർജിതം

ഗോണിക്കൊപ്പ: കർണാടക ഗോണിക്കൊപ്പ ടൗണിന് സമീപം കാർ തടഞ്ഞുനിർത്തി മലപ്പുറം തിരൂരങ്ങാടി സ്വദേശിയിൽനിന്ന് 50 ലക്ഷം തട്ടിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ ജംഷാദ് (38), സുഹൃത്ത് അഫ്നുവിനൊപ്പം കാറിൽ മൈസൂരുവിൽനിന്ന് ഗോണിക്കൊപ്പ വഴി നാട്ടിലേക്ക് പോകുംവഴി ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് കവർച്ചക്കിരയായത്.

നിർമാണ കരാറുകാരനായ ജംഷാദ് സ്വർണാഭരണങ്ങൾ മൈസൂരുവിലെ സ്വർണക്കടയിൽ വിറ്റ പണവുമായി വരുകയായിരുന്നു. അക്രമിസംഘം മലയാളത്തിലാണ് സംസാരിച്ചതെന്ന് ജംഷാദ് പറഞ്ഞു. വീരാജ്പേട്ട ഡിവൈ.എസ്.പി മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. സംഭവത്തിൽ പരാതിക്കാരനെയും സ്വർണം വാങ്ങിയ ജ്വല്ലറിക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

വിറ്റ ആഭരണങ്ങളുടെ ഉറവിടം, വൻതുക കാറിൽ രാത്രി കൊണ്ടുപോകാനുള്ള കാരണങ്ങൾ, പണമിടപാട് സംബന്ധിച്ച രേഖകൾ ഇല്ലാത്തത്, ആഭരണങ്ങൾ വിറ്റതിനും നികുതി അടച്ചതിനുമുള്ള രേഖകൾ ഇല്ലാത്തത് എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സമഗ്രാന്വേഷണം ഉറപ്പാക്കാൻ ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ളവരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഷംസാദിനെതിരെ അന്വേഷണം ആരംഭിച്ചതായും എസ്.പി പറഞ്ഞു.

ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരത്താണ് സംഭവം. ഗോണിക്കൊപ്പ ടൗൺ എത്താൻ കിലോമീറ്ററുകൾ മാത്രം ബാക്കിയിരിക്കെ ദേവർപുരയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ മറവിൽ ഒളിച്ചിരിക്കുകയായിരുന്ന 15 അംഗ അക്രമിസംഘം കാറിനുമുന്നിൽ ചാടിവീഴുകയായിരുന്നു. മൂന്ന് കാറുകളിലായി വന്ന സംഘം ജംഷാദിനെയും അഫ്നുവിനെയും അവരുടെ കാറിൽ കയറ്റി അജ്ഞാതസ്ഥലത്ത് കൊണ്ടുവന്നിറക്കി. ഇതിനിടെ ജംഷാദിന്റെ കാറിലുണ്ടായിരുന്ന 50 ലക്ഷം രൂപ സംഘം കൈക്കലാക്കിയിരുന്നു.

രാത്രി വഴിയറിയാതെ നടന്നുനീങ്ങിയ രണ്ടുപേരും ഹാത്തൂരെന്ന സ്ഥലത്ത് കണ്ടുമുട്ടിയ പത്രവിതരണ വാഹനത്തിലെ ഡ്രൈവറോട് വിവരങ്ങൾ പറഞ്ഞു. ഡ്രൈവർ ഇവരെ വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ, ദക്ഷിണ മേഖല ഐ.ജി ഡോ. ബോറ ലിംഗയ്യ എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - Madikeri car, 50L theft case: SP says investigations intensified, victim being questioned too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.