‘മാധ്യമം’ 30ാം വാര്‍ഷികത്തിന് അനന്തപുരിയില്‍ പ്രൗഢഗംഭീര തുടക്കം

തിരുവനന്തപുരം: മലയാള മാധ്യമലോകത്ത് നേരിന്‍െറ വാനില്‍ മുപ്പതാണ്ട് പൂര്‍ത്തിയാക്കുന്ന ‘മാധ്യമ’ത്തിന്‍െറ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തലസ്ഥാന നഗരയില്‍ പ്രൗഢഗംഭീര തുടക്കം. അക്ഷര വിശുദ്ധിയുടെ ലോകത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ആഘോഷ  ഉദ്ഘാടന ചടങ്ങിന്  രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്  തിരുവനന്തപുരം കോ ബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമാരംഭം കുറിച്ചു.

മൂന്ന് പതിറ്റാണ്ടുകൊണ്ട്  മാധ്യമലോകത്തെ മഹാവിളക്കായി മാധ്യമം മാറിയെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വാര്‍ത്തകളുടെ ലോകത്ത് തമസ്ക്കരണമില്ലാതെ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മാധ്യമത്തിന് സാധിച്ചു. ഉടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ വരുന്ന കാലത്ത് ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത പത്രമായി മാധ്യമത്തെ നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ആ ദിശയില്‍ മലയാള മാധ്യമ ലോകത്ത് നവീനവും മൗലികവുമായ മാതൃക സൃഷ്ടിക്കാന്‍ മാധ്യമത്തിന് കഴിഞ്ഞു. കേരളത്തിലെ മാധ്യമലോകത്ത് മൗലികമായ നിലപാടുകളും രീതികളും കാണിച്ചുകൊടുക്കാന്‍ മാധ്യമത്തിന് സാധിക്കുകയും ചെയ്തു. വാര്‍ത്തകളെയും അതുവഴി പ്രസരിപ്പിക്കുന്ന ധാര്‍മികതയെയും അതിന്‍െറ മൂല്യവ്യവസ്ഥയിലും വല്ലാതെ കോര്‍പ്പറേറ്റുകള്‍ ഇടപ്പെട്ടുകൊണ്ടിരുന്ന പ്രത്യേക കാലാവസ്ഥയിലാണ് മാധ്യമത്തിന്‍െറ ജനനം സംഭവിക്കുന്നത്.  ലോകത്താകമാനം ഉയര്‍ന്നുവന്ന ഈ ഒഴുക്കിന്‍െറ കൂടെ നില്‍ക്കണോ,  എതിരെ നില്‍ക്കണോ എന്ന ചോദ്യത്തെ അഭിസംബോധനം ചെയ്താണ് മാധ്യമം പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. ബിസിനസ് മൂല്യവും ജനാധിപത്യമൂല്യവും തമ്മിലുള്ള വൈരുധ്യം മാധ്യമലോകത്ത് ഏറ്റവും കൂടുതല്‍ ശക്തിപ്പെട്ടുവന്ന കാലഘട്ടമായിരുന്നു അത്. കച്ചവട മൂല്യങ്ങളില്‍ കേന്ദ്രീകരിച്ച് മാധ്യമമേഖല വ്യവസായി മാറിയതോടെ സംഭവിക്കാനിടയുള്ള ജനാധിപത്യ നിരാസത്തെയും മൂല്യങ്ങളില്‍ നിന്നുള്ള പിന്‍മാറ്റത്തെയും അതീവ ബുദ്ധിപരമായും ധാര്‍മികമായും മറികടക്കാന്‍ മാധ്യമത്തിന് കഴിഞ്ഞെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാധ്യമസ്പര്‍ശം സേവന പദ്ധതി പ്രഖ്യാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു.  മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതി പ്രഖ്യാപനം മന്ത്രി ഡോ. കെ.ടി. ജലീലും അന്താരാഷ്ട്ര മാധ്യമ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന മീഡിയാ സമ്മിറ്റ് ലോഗോ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍വഹിച്ചു. മുപ്പതാം വാര്‍ഷിക സപ്ളിമെന്‍റ്  പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. എം.എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ് ശിവകുമാര്‍, മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. 1987ല്‍ മാധ്യമത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നെയ്യാറുടെ ദൃശ്യസന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.  മാധ്യമത്തിന്‍െറ മുപ്പത് വര്‍ഷങ്ങള്‍ എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് സ്വാഗതവും മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ് നന്ദിയും പറഞ്ഞു. ഗായിക ഹന്നാ യാസിര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു.

 

Full ViewFull View
Tags:    
News Summary - madhyamam turns 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.