മധു വധക്കേസ്: പ്രതികളും സാക്ഷികളും ബന്ധപ്പെട്ടതിന് ഫോൺ കാൾ രേഖകൾ

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കോടതി ജാമ്യം റദ്ദാക്കിയ 11 പ്രതികൾ സാക്ഷികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന് രേഖകൾ. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ച ടെലിഫോൺ കാളുകളുടെ വിശദാംശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മൂന്നാം പ്രതി 2019 നവംബർ 12 മുതൽ ഏപ്രിൽ 28 വരെ നൂറ് തവണയാണ് സാക്ഷികളുമായി ഫോണിൽ ബന്ധപ്പെട്ടത്. ആറാം പ്രതി രണ്ട് സാക്ഷികളുമായി 62 തവണ ബന്ധപ്പെട്ടു.

ഒമ്പതാം പ്രതി ചെയ്തത് 25 കാളുകളാണ്. പന്ത്രണ്ടാം പ്രതി ആറ് സാക്ഷികളുമായി 61 തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. 15ാം പ്രതി 74ഉം 16ാം പ്രതി 60ഉം തവണയും സാക്ഷികളുമായി സംസാരിച്ചു. ജനുവരി 22 മുതൽ ജൂൺ വരെ ആറ് സാക്ഷികളുടെ ഫോണിലേക്ക് രണ്ടാം പ്രതി 11 കാളുകൾ ചെയ്തിട്ടുണ്ട്. നാലാം പ്രതി അഞ്ചും അഞ്ചാം പ്രതി എട്ടും പത്താം പ്രതി മൂന്നും കാളുകൾ സാക്ഷികൾക്ക് ചെയ്തിട്ടുണ്ട്.ഏഴാം പ്രതിയെ രണ്ട് സാക്ഷികൾ അഞ്ച് തവണയും പത്താം പ്രതിയെ രണ്ട് സാക്ഷികൾ മൂന്ന് തവണയും വിളിച്ചിട്ടുണ്ട്. സാക്ഷികൾക്ക് കാളുകൾ ചെയ്യുകയോ അവരുടെ കാളുകൾ സ്വീകരിക്കുകയോ ചെയ്യാത്തതായി 11ാം പ്രതി മാത്രമാണുള്ളത്. 2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിലാണ് ഫോൺ കാളുകൾ ഉണ്ടായത്.

സാക്ഷികളുമായി നിരന്തരം ബന്ധപ്പെട്ടതിന് വിശദീകരണം നൽകാൻ പ്രതികൾക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോൺ നമ്പറുകൾ തങ്ങളുടേതല്ലെന്ന വാദം പ്രതികൾക്കില്ല. സാക്ഷികൾ തങ്ങളെയാണ് വിളിച്ചതെന്നും തങ്ങൾ കുറ്റക്കാരല്ലെന്നുമായിരുന്നു ഏഴും പത്തും പ്രതികളുടെ വാദം. എന്നാൽ, സാക്ഷികളും പ്രതികളുമായി പരസ്പരം ബന്ധപ്പെടരുതെന്നാണ് ജാമ്യ വ്യവസ്ഥയെന്നും സാക്ഷി വിളിച്ചാലും ജാമ്യ വ്യവസ്ഥയുടെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏഴാം പ്രതിയെ ഒരു സാക്ഷി വിളിച്ച് സംസാരിച്ചത് 312 സെക്കന്‍ഡ് നേരമാണ്. ഇതിന് തൃപ്തികരമായ വിശദീകരണം നൽകാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നാക്കമുള്ള അവസ്ഥയിൽ നിന്നുള്ളവരാണ് സാക്ഷികളിലേറെയും. പ്രതികൾ നിരന്തരം ബന്ധപ്പെട്ടതോടെ ഭയപ്പെട്ടാണ് സാക്ഷികൾ കൂറുമാറിയതെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Madhu murder case: Phone call records of accused and witnesses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.