മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരുസാക്ഷി കൂടി കൂറുമാറി. 19ാം സാക്ഷി കക്കിയാണ് ശനിയാഴ്ച കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവർ ഒമ്പതുപേരായി. പൊലീസിന് കൊടുത്ത മൊഴിയിൽനിന്ന് കോടതിയിൽ മജിസ്ട്രേറ്റിന് കൊടുത്ത 164 സ്റ്റേറ്റ് മെന്‍റിനും വിരുദ്ധമായ മൊഴിയാണ് കക്കി കോടതിയിൽ പറഞ്ഞത്. മധുവിനെ അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്ന് കക്കി മൊഴി നൽകി. പ്രോസിക്യൂഷൻ ചോദിച്ച പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് ഇദ്ദേഹം കോടതിയിൽ നൽകിയത്. 13ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി കോടതിയിൽ പറഞ്ഞത്. കേസ് ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. ആഗസ്റ്റ് ഒന്നിന് 20ാം സാക്ഷി മരുതൻ എന്ന മയ്യനെ വിസ്തരിക്കും.
മധുവിന്‍റെ അമ്മയുടെ പരാതി; മുക്കാലി സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം.
മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് മണ്ണാർക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
കേസിൽനിന്ന് പിന്മാറാൻ വേണ്ടി പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്‍റെ അമ്മ മല്ലിയുടെ പരാതി. പ്രതികളുടെ അഭ്യുദയകാംക്ഷിയായ അബ്ബാസ് കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും പിന്മാറിയാൽ 45 ലക്ഷം രൂപയോളം വിലവരുന്ന വീട് വെച്ചുതരാമെന്നും പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തെന്നും മല്ലി പരാതിയിൽ പറയുന്നു.
അബ്ബാസും പ്രതികളുമായി ബന്ധമുള്ള മറ്റാളുകളും ചേർന്നാണ് സാക്ഷികളെ മൊഴി മാറ്റിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരെ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചു. ഇത് പരിഗണിച്ച കോടതി കേസ് അന്വേഷിക്കാൻ അഗളി പൊലീസിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.