കോഴിക്കോട് : കൊല്ലം എസ്.എൻ കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിൽനിന്നാണ് എം.എ. ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ആദ്യ രാഷ്ട്രീയ പാഠശാല കൊല്ലം എസ്.എൻ കോളജായിരുന്നു. 1972 ലെ ഒമ്പതാം മധുര കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാനസമ്മേളന കാലത്താണ് പി.എം. അലക്‌സാണ്ടര്‍ മാഷിന്റെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍ ബേബി പാര്‍ടി അംഗത്വത്തിലെത്തിയത്.
വിദ്യാർഥി സമരങ്ങളും അറസ്റ്റും മർദവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാർഥിസമൂഹത്തിന്റെ തീപ്പൊരി നേതാവായി പ്രാക്കുളം സ്വദേശിയായ എം.എ. ബേബി. എന്‍എസ്എസ് കോളജിലെ ബി.എ പൊളിറ്റക്സ് വിദ്യാർഥിയായ ബേബി കെ.എസ്.എഫിന്റെ യൂനിറ്റ് സെക്രട്ടറിയായി. കോളജ് യൂനിയൻ പിടിച്ചെടുത്തു. അന്ന കോളജിലെ ഡിബേറ്റുകളിലെ പ്രധാനിയായി ബേബി. പിൽക്കാലത്ത് വിവരാവകാശ കമീഷണറായ നടരാജനായിരുന്നു വിദ്യാർഥി നേതാവ്. 1975ല്‍ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 1979ല്‍ പാറ്റ്‌നയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രകാശ്കാരാട്ടിന്റെ പിന്‍ഗാമിയായി എസ്.എഫ്.ഐയുടെ അഖിലേന്ത്യ പ്രസിഡന്റായപ്പോള്‍ സീതാറാം യെച്ചൂരിയിരുന്നു ജോയിന്റ് സെക്രട്ടറി.
1986ല്‍ രാജ്യസഭാംഗമാകുമ്പോള്‍ പാര്‍ലമെന്റിലെയും ബേബിയായിരുന്നു എം.എ. ബേബി. 1992ലും രാജ്യസഭാംഗമായി തുടര്‍ന്നു. 1984ല്‍ സി.പി.എം സംസ്ഥാന സമിതിയില്‍ അംഗമായ ബേബി 87ല്‍ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. 1989ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 1992ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അഗമായി. 1997ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി, 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം. 2006ല്‍ കുണ്ടറയില്‍ നിന്ന് ജയിച്ച് ബേബി വി.എസ്. മന്ത്രിസഭാംഗമായി.
2016 മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012ൽ പി.ബിയിൽ എത്തി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിലധികകാലത്തെ അനുഭവക്കരുത്തുമായാണ് ബേബി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാർഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്. രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായാണ് ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.