ആർ.എസ്.എസിന് അലോസരമുണ്ടാക്കുന്നതൊന്നും പറയാത്തവരായി മുഖ്യധാരാ മാധ്യമങ്ങൾ മാറി -എം. സ്വരാജ്‌

മലപ്പുറം: ആർ.എസ്.എസിന് അലോസരമുണ്ടാക്കുന്നതൊന്നും പറയാത്ത, കോർപറേറ്റ് കമ്പനികളുടെ കുഴലൂത്തുകാരായി മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ്‌. സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നത് ഇന്നില്ലാതായി. സത്യം വിളിച്ചുപറയണം എന്നാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകന് അടുത്തദിവസം ജോലി നഷ്‌ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച ‘നാലാംതൂണിന്റെ കാതലും പൂതലും’ എന്ന സിമ്പോസിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്‌.

സത്യം കുഴിച്ചുമൂടി കോർപറേറ്റുകൾക്കുവേണ്ടി വിടുവേല ചെയ്യുന്നവർക്ക് മാധ്യമ മേഖലയിൽ വലിയ സ്വീകാര്യതയും ഉണ്ടാകുന്നു. വ്യക്തിത്വവും ആത്മാഭിമാനവും ഉള്ളവർക്ക് തുടർന്നുപോകാൻ കഴിയാത്ത മേഖലയായി മാറി. വാർത്തകൾ മൂടിവയ്‌ക്കാൻ കൂടിയുള്ളതാണെന്നും മുഖ്യധാരാ മാധ്യമങ്ങൾ കാണിച്ചുതന്നു. ദേശീയ - അന്തർദേശീയ തലങ്ങളിൽ കേരളത്തിനുണ്ടായ അഭിമാനകരമായ നേട്ടങ്ങൾ മൂടിവയ്‌ക്കപ്പെടുന്നു. ഇടതുപക്ഷത്തോടുള്ള കടുത്ത വിരോധം കേരളത്തോടുള്ളതുതന്നെയായി. ഗാന്ധിയെ വെടിവച്ചുകൊന്നവരെക്കൊണ്ട് ഗാന്ധി അനുസ്‌മരണം എഴുതിച്ചവരാണ് ഇവർ. ഇന്ത്യയിൽ വലിയ ശക്തിയല്ലെങ്കിലും ഇടതുപക്ഷത്തിന്റെ സാന്നിധ്യം കോർപറേറ്റുകൾ ഭയക്കുന്നുവെന്നും സ്വരാജ്‌ പറഞ്ഞു.

ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി.ബി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ട്രൂ കോപ്പി തിങ്ക് ചീഫ്‌ എഡിറ്റർ മനില സി മോഹൻ, അസോ. എഡിറ്റർ ടി.എം. ഹർഷൻ, മാധ്യമപ്രവർത്തകൻ എം.പി. ബഷീർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.കെ. അബ്‌ദുല്ല നവാസ്‌ സ്വാഗതവും രാജു വിളയിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - M swaraj against Mainstream media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.