പി.സി. ജോർജ്
കോട്ടയം: ‘ലവ് ജിഹാദ്’ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പൊലീസ് കേസ് എടുത്തേക്കും. നിയമസാധുത പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് നീക്കം. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി പൊലീസിന് വെവ്വേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനിടെ, ജോർജിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തി. കേസെടുത്താൽ മതവിദ്വേഷ പരാമർശക്കേസിൽ ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞദിവസം പാലായിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോഴുള്ള പരാതികൾക്ക് ആധാരം. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് തൊടുപുഴയിലും യൂത്ത്ലീഗ് പാലായിലും എസ്.ഡി.പി.ഐ ഡി.ജി.പിക്കുമാണ് പരാതി നൽകിയത്.
നേരത്തേ പി.സി. ജോർജ് റിമാൻഡിലായ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് പരാതി നൽകിയത്.
മതവിദ്വേഷ പരാമർശക്കേസിൽ ജാമ്യത്തില്‍ കഴിയുന്ന പി.സി. ജോർജിന് കോടതിയുടെ കര്‍ശന നിബന്ധനകൾ നിലനില്‍ക്കെയാണ് വീണ്ടും വിവാദപ്രസംഗം നടത്തിയത്. ആ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി ഉൾപ്പെടെ ചില പരാമർശങ്ങൾ നടത്തിയിരുന്നു.
കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് സി.ഐ. മുഹമ്മദ് സിയാദ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടത് ഇടതുസർക്കാറും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്.
കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതിത്തള്ളിയ ലവ് ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്. ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും നീതിന്യായ സംവിധാനത്തെയും പി.സി. ജോർജ് അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.