വയനാട്ടിലെ ‘ദേശീയ’ ചർച്ച

കൽപറ്റ: മത്സരിക്കുന്നത് ദേശീയ നേതാക്കളായതിനാൽ വയനാട്ടിലെ തെരഞ്ഞെടുപ്പ് വിഷയങ്ങൾക്കും ദേശീയ പ്രാധാന്യമുണ്ട്. വയനാട്ടിലെ വിവിധ മേഖലകളിലെ ജനജീവിതം വന്യജീവി ആക്രമണങ്ങളാൽ പൊറുതിമുട്ടിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി വയനാട്-മലപ്പുറം അതിർത്തിയിലെ പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് (37) നിലമ്പൂർ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 43 വർഷത്തിനിടെ ജില്ലയിൽ ഇത്തരത്തിൽ 152 പേർ കൊല്ലപ്പെട്ടു. ഇതിൽ 53 പേരും കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ക്രൈസ്തവ കുടിയേറ്റ മേഖലകളിലെ ഇത്തരം സംഭവങ്ങളിൽ മതമേലധ്യക്ഷൻമാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കാറ്. വയനാട്ടിലെ പുൽപള്ളിയിൽ ഒരാൾ മരണ​പ്പെട്ടാൽ അതിന്റെ പ്രതിഷേധം കോഴിക്കോട്ടെ തിരുവമ്പാടിയിലടക്കം ഉണ്ടാവുന്നു. എന്നാൽ, ജില്ലയിലെ ഏറ്റവും ഒടുവിലത്തെ കാട്ടാനക്കൊലക്ക് വൻശ്രദ്ധ കിട്ടാതിരുന്നത് മരിച്ചത് ആദിവാസി വിഭാഗക്കാരിയായതിനാലാണെന്നാണ് വിലയിരുത്തൽ.

ഭരണകക്ഷിയെന്ന നിലയിൽ എൽ.ഡി.എഫ് വന്യമൃഗശല്യത്തെ കുറിച്ച് ബോധപൂർവം മിണ്ടുന്നില്ല. അതേസമയം, സർക്കാറിനെതിരായ പ്രധാന ആയുധമായി വിഷയം യു.ഡി.എഫ് പ്രയോഗിക്കുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാറിനെതിരെ കടന്നാക്രമണമാണ് നടത്തുന്നത്. എന്നാൽ, പ്രതി​രോധ നടപടികൾക്കടക്കമുള്ള ഫണ്ട് നൽകാതെ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണെന്നാണ് എൽ.ഡി.എഫിന്റെ മറുവാദം. ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിൽ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ശക്തമായി ഉന്നയിക്കപ്പെടുന്നത്.

മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുകയാണെന്നാണ് മലയോര കർഷകരുടെ രോദനം. എല്ലാ ലോകരാജ്യങ്ങളിലും വന്യജീവികളുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന നിയമത്തിന് ചുവടുപിടിച്ചാണ് 72ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യയിലും ഈ നിയമം കൊണ്ടുവന്നത്. ഇതിൽ ഭേദഗതി വരുത്തുക അപ്രായോഗികമാണെന്നാണ് പരിസ്ഥിതി സംഘടനകൾ പറയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മലയോര മേഖലയിലെ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും അവർ പറയുന്നു. ഇത്തവണ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പിയും നീങ്ങുന്നതിനാൽ വിഷയം കൂടുതൽ ചർച്ചയാകും.

Tags:    
News Summary - Lok-Sabha-Election-Wayanad-Wild-Animal-Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.