രോഗികൾക്ക്​ വിവാഹദിനത്തിൽ ഉച്ചഭക്ഷണം വിളമ്പി യുവ ഡോക്ടറും നവവരനും

അമ്പലപ്പുഴ: ആതുരസേവന രംഗത്ത് അതിരറ്റ പ്രവർത്തനങ്ങളിൽ വ്യാപൃതയാകുന്ന യുവഡോക്ടർ നവവരനൊപ്പം വിവാഹദിനത്തിൽ രോഗികൾക്ക് ഉച്ചഭക്ഷണം വിളമ്പി മാതൃകയായി. ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒ കൂടിയായ അമ്പലപ്പുഴ കരൂർ കൈരളിയിൽ ഷൗക്കത ്തലി-ഷംല ദമ്പതികളുടെ മകൾ ഡോ. ഷാലിമയാണ് വരൻ കോഴിക്കോട് എരഞ്ഞിപ്പാലം കുളിയാട്ടിൽ (റോയൽ എംപ്രസ്) ഇസ്മത്ത് ഉമ്മറിൻെറയും നൂർജഹാൻെറയും മകൻ നുഅ്മാൻ കെ. ഇസ്മത്തുമൊന്നിച്ച് ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകിയത്.

ഹോളണ്ടിലെ ഷിപ്പിങ് കമ്പനിയിൽ ക്യാപ്റ്റനായ നുഅ്മാനുമായുള്ള വിവാഹം മാസങ്ങൾക്കുമുമ്പ് നിശ്ചയിച്ചതാണ്. എന്നാൽ, ലോക്ഡൗൺ മുൻനിർത്തി വിവാഹം മാറ്റിവെക്കണമെന്ന നിർദേശം പലകോണിൽനിന്ന് ഉയർന്നു. എന്നാൽ, ഇരുവീട്ടുകാരും നേരേത്തയെടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വരൻ മാതാപിതാക്കൾക്കൊപ്പം ശനിയാഴ്ച രാവിലെ 10ഓടെ വധൂഗൃഹത്തിലെത്തി. ഷൗക്കത്തലിയും ഭാര്യ ഷംനയും മകൻ ഷെഹൻഷാ കൈരളിയും പഴയങ്ങാടി മുസ്ലിം ജമാഅത്ത് ഇമാം ഹാരിസ് ബാഖവിയും മാത്രമാണ് വധുവിനൊപ്പം ഇവിടെയുണ്ടായിരുന്നത്. ആരോഗ്യവകുപ്പിൻെറ നിർദേശങ്ങൾ കർശനമായി പാലിച്ച് രാവിലെ 11.30ഓടെ ഇരുവരും വിവാഹിതരായി.

ഭക്ഷണം ഒഴിവാക്കിയതിനു പകരം അത് ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകുകയെന്ന തീരുമാനം എല്ലാവരും സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. ലോക്ഡൗണിൻെറ ഭാഗമായി ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റി മുൻകൈയെടുത്താണ് ആശുപത്രി കാൻറീനിൽ പാചകം ചെയ്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിവന്നിരുന്നത്. ഇതിനിടെയാണ് മകളുടെ വിവാഹദിനത്തിലെ ഭക്ഷണവിതരണം ഷൗക്കത്തലി ഏറ്റെടുത്തത്. ഉച്ചക്ക് 12ഓടെ മെഡിക്കൽ കോളജിൽ ഷൗക്കത്തലിക്കും മകനുമൊപ്പമെത്തിയ നവദമ്പതികൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പുകയായിരുന്നു.

Tags:    
News Summary - lockdown wedding-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.