കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മേപ്പാടിയിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു

കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; മേപ്പാടിയിൽ വൻ പ്രതിഷേധം

മേപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ അരുണമല കോളനിയിലെ മോഹനൻ മരിച്ച സംഭവത്തിൽ മേഖലയിൽ പ്രതിഷേധം ശക്തമായി. യു.ഡി.എഫ്, സി.പി.എം നേതൃത്വത്തിൽ മേപ്പാടിയിലും മീനാക്ഷിയിലും റോഡ് ഉപരോധിച്ചതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വന്യജീവിശല്യത്തിന് ശാശ്വത പരിഹാരവും ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്കും കൃഷി നശിച്ച കർഷകർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

യു.ഡി.എഫ് നേതൃത്വത്തിൽ മേപ്പാടി ടൗണിലാണ് റോഡ് ഉപരോധിച്ചത്. മോഹനന്‍റെ മക്കള്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കാട്ടാന ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാർ ഉന്നയിച്ചു. ഉപരോധസമരം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട സമരത്തിനിടെ എം.എല്‍.എ, വനം മന്ത്രിയുമായും ഡി. എഫ്. ഒയുമായും സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പിന്‍റെ ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഡി.എഫ്.ഒ സമരക്കാരെ അറിയിച്ചു.

അക്കൗണ്ട് നമ്പര്‍ ലഭ്യമായാല്‍ താമസമില്ലാതെ തുക കൈമാറുമെന്നും ഡി.എഫ്.ഒ പറഞ്ഞു. കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവർക്ക് ജോലി നൽകാനുള്ള ശിപാർശ ഡി.എഫ്.ഒ രേഖാമൂലം ഉടൻ തന്നെ അയക്കും, വൈദ്യുതി വേലി സ്ഥാപിക്കാൻ 11 ലക്ഷം രൂപ ഉടൻ ചെലവഴിക്കും എന്നീ ഉറപ്പുകൾ ലഭിച്ചതായി എം.എൽ.എ അറിയിച്ചു. തുടർന്നാണ് സമരം പിൻവലിച്ചത്. ബി. സുരേഷ് ബാബു, ടി. ഹംസ, പി. അബ്ദുൾ സലാം, രാജു ഹെജമാടി, സി. ശിഹാബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. വർധിച്ചുവരുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ മീനാക്ഷിയിലാണ് റോഡ് ഉപരോധിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. എം. ബൈജു, അബ്ദുറഹ്മാൻ, ജിതിൻ, മുരളി എന്നിവർ നേതൃത്വം നൽകി.

വന്യമൃഗശല്യം: അടിയന്തര ധനസഹായം നല്‍കണം -ടി. സിദ്ദീഖ് എം.എല്‍.എ

കല്‍പറ്റ: മേപ്പാടി അരുണമലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മോഹനന്‍റെ കുട്ടികള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി.

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ അരുണമല. നിയോജകമണ്ഡലത്തില്‍ 75 കി. മീറ്ററോളം ദൂരം വനത്തോട് ചേര്‍ന്ന പ്രദേശങ്ങളാണ്. ഇവിടെ പ്രതിരോധ വേലി സ്ഥാപിച്ചാൽ മാത്രമേ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ആദ്യ ഗഡുവായി 30 ലക്ഷം രൂപ അനുവദിച്ചു. പ്രത്യേക അനുമതി ലഭ്യമായാല്‍ പ്രവൃത്തി ആരംഭിക്കാം.

നിരവധി തവണ ഈ കാര്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് തന്നിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു. കൃഷി നാശത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള വീടുകള്‍ക്കും സഹായം അനുവദിക്കുക, വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ വേലി, കിടങ്ങുകൾ, സുരക്ഷഭിത്തികള്‍ എന്നിവ നിർമിച്ച് ജനങ്ങളുടെയും കര്‍ഷകരുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചു.

Tags:    
News Summary - Youth died in the wild attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.