മേപ്പാടി ടൗണിനടുത്ത് സ്വകാര്യ കാപ്പിത്തോട്ടത്തിലെത്തിയ ആനക്കൂട്ടം
മേപ്പാടി: മേപ്പാടി ടൗണിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത് വൻഭീതി പരത്തി. ടൗണിനടുത്ത് സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് ബുധനാഴ്ച രാത്രിയോടെ ആനക്കൂട്ടമെത്തിയത്. സെന്റ് ജോസഫ്സ് ചർച്ചിന്റെ തോട്ടമാണിത്. രണ്ട് കുട്ടികളും നാല് പിടിയാനകളുമാണുണ്ടായിരുന്നത്.
എന്നാൽ, ജനവാസ മേഖലയായതിനാലും ഏറെ ജാഗ്രത വേണ്ടതിനാലും വനംവകുപ്പ് ഏറെ പണിപ്പെട്ടാണ് ആനകളെ കാടുകയറ്റിയത്. വ്യാഴാഴ്ച വൈകീട്ട് 7.45ഓടെയാണ് വനംവകുപ്പിന് ദ്രുതകർമസേനയുടെ സഹായത്തോടെ ഇളമ്പിലേരി കടൂർ വനമേഖലയിലേക്ക് ആനകളെ തുരത്താനായത്.
വൈകീട്ട് ആറിനുശേഷമാണ് ആനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. അതുവരെ ആനകൾ തോട്ടത്തിൽതന്നെ നിലയുറപ്പിച്ചിരുന്നു. തോട്ടത്തിൽനിന്ന് ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കാവലേർപ്പെടുത്തിയിരുന്നു.
വൈകീട്ട് ആറിനുശേഷം റോഡ് ഗതാഗതം തടഞ്ഞാണ് ദൗത്യം തുടങ്ങിയത്. കുട്ടികളുള്ളതിനാൽ ആദ്യമൊന്നും തോട്ടത്തിൽനിന്ന് മാറാൻ ആനകൾ തയാറായില്ല. ആളുകൾ ഒഴിഞ്ഞതോടെ മാത്രമാണ് ആനകൾ കാടുകയറാൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.